കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒരുമാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. തെളിവു നശിപ്പിച്ചവർ ഉൾപ്പെടെ നിലവില്‍ ഈ കേസിൽ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിക്കുന്നതിനും തുടര്‍ന്ന് അപകീർത്തികരമായ ദൃശ്യങ്ങൾ പകര്‍ത്താനുമായി ദിലീപും പൾസർ സുനിയും പലസ്ഥലങ്ങളിലും ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.
നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. എന്നാല്‍ പൊലീസിന്റെ കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല എന്നതാണ് നിലവിലെ പ്രശ്നം. ഒന്നാം പ്രതിയായ പൾസർ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇരുപതു വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്ന അഡ്വക്കറ്റ് പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്.