വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ കോഴിക്കോട് തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. സീറ്റു കൈമാറുകയോ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കുകയോ ചെയ്യുകയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ജനതാദള്‍ തുടര്‍ച്ചയായി മത്സരിച്ചു വരുന്ന മണ്ഡലമാണ് കോഴിക്കോട്. ഇത്തവണയും ഇവിടെ നിന്നു തന്നെ മത്സരിക്കും.
സീറ്റു വിഭജനം സംബന്ധിച്ച ഇടതുമുന്നണി യോഗം നാളെ ചേരാനിരിക്കെയാണ് വീരേന്ദ്രകുമാര്‍ നിലപാട് ഒന്നു കൂടി വ്യക്തമാക്കിയിരിക്കുന്നത്.
സീറ്റ് പുനഃസംഘടനയില്‍ കേരളത്തിലെ 20 സീറ്റുകളും പരിശോധിക്കണം. എന്നാല്‍, ഇപ്പോള്‍ അത് പരിഗണിക്കുന്നില്ല. അതിനാല്‍, കോഴിക്കോട് സീറ്റില്‍ നിന്ന് ജനതാദള്‍ പിന്‍മാറില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
കോഴിക്കോട് മണ്ഡലത്തിന് പകരം വയനാട് നല്‍കാമെന്നുള്ള സി പി എം നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ജനതാദള്‍ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴിക്കോടോ, വടകരയോ ജനതാദളിന് വേണമെന്നും ആവശ്യപ്പെട്ട സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ കനത്ത നടപടികളിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും ജനതാദള്‍ നേതാവ് പ്രേം നാഥ് പറഞ്ഞിരുന്നു.