തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡ്‌ നിര്‍മാണം ജനങ്ങളെ വലയ്ക്കുന്നു

ഞായര്‍, 16 ഫെബ്രുവരി 2014 (15:30 IST)
PRO
തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിന്റെ നിര്‍മാണം നീളുന്നത്‌ ജനങ്ങളെ വലയ്ക്കുന്നു. ഒരുമാസം മുമ്പ്‌ പൊളിച്ച റോഡിന്റെ നിര്‍മാണം ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. വലിയ മെറ്റിലുകള്‍ വിരിച്ചതിനാല്‍ കാല്‍നടയാത്രപോലും അസഹ്യമാണ്‌.

സ്വകാര്യബസുകളും കെഎസ്‌ആര്‍ടിസി ബസുകളും സര്‍വ്വീസുകള്‍ നിര്‍ത്തിയതിനാല്‍ പ്രദേശവാസികള്‍ കിലോമീറ്ററുകളോളം നടന്നാണ്‌ ദേശിയപാതയില്‍ എത്തുന്നത്‌.

ഓട്ടോറിക്ഷകള്‍ പോലും അപൂര്‍വ്വമായി മാത്രമേ ഇതുവഴി സഞ്ചരിക്കുന്നുള്ളൂ. പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതലയില്‍ 15 കോടി രൂപ ചിലവിലാണ്‌ തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡ്‌ നിര്‍മിക്കുന്നത്‌. പദ്ധതിയില്‍ റോഡിനോടൊപ്പം കാനയും നിര്‍മിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല.

പകുതി ദൂരം പോലും കാന നിര്‍മിക്കാതെയാണ്‌ അധികൃതര്‍ റോഡ്‌ നിര്‍മാണം ആരംഭിച്ചത്‌. ഇത്‌ വെള്ളപ്പൊക്കത്തിന്‌ കാരണമാകുമെന്ന ഭീതിയിലാണ്‌ നാട്ടുകാര്‍. തോട്ടപ്പള്ളി മുതല്‍ തൃക്കുന്നപ്പുഴ വരെയുള്ള ഏഴ്‌ കിലോമീറ്റര്‍ റോഡ്‌ പൂര്‍ണ്ണമായും പൊളിച്ചശേഷം അതിന്‌ മുകളില്‍ വലിയ മെറ്റലുകള്‍ വിരിക്കുകയായിരുന്നു.

പൊടിശല്യം മൂലം ജനങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌. പ്രദേശവാസികളായ നിരവധി ജനങ്ങളാണ്‌ പൊടിശല്യം മൂലം ആശുപത്രികളില്‍ ചികിത്സതേടുന്നത്‌. ദേശിയപാതയോടെ ചേര്‍ന്നുകിടക്കുന്ന ഈ റോഡ്‌ പല്ലന കുമാരനാശാന്‍ സ്മാരകം, സുനാമി ഗ്രാമങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക്‌ പോകാനുള്ള ഏകമാര്‍ഗമാണ്‌.

ആറാട്ടുപുഴ, തൃക്കന്നപ്പുഴ പഞ്ചായത്തുകളിലുള്ളവര്‍ക്ക്‌ ആലപ്പുഴയിലെത്താനുള്ള ഒരേയൊരുവഴി ഈ റോഡാണ്‌. ഇത്‌ അടഞ്ഞതോടെ നങ്ങ്യാര്‍കുളങ്ങര കവല, ഹരിപ്പാട്‌ വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ ഇവര്‍ ആലപ്പുഴയില്‍ എത്തുന്നത്‌.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്‌. നിര്‍മാണം നിലച്ചതോടെ പ്രദേശവാസികള്‍ ഹരിപ്പാട്‌ എംഎല്‍എയും ആഭ്യന്തരമന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു ഗുണവും ഉണ്ടായില്ല.

വെബ്ദുനിയ വായിക്കുക