തൃത്താല സ്‌ഫോടനം: മരണസംഖ്യ ഏഴായി

വ്യാഴം, 5 മാര്‍ച്ച് 2009 (09:57 IST)
പാലക്കാട് തൃത്താലയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍കൂടി മരിച്ചു. വെടിക്കെട്ട്‌ നിര്‍മാണശാലയുടെ ഉടമയായ ഡേവിസാണ്‌ മരിച്ചത്‌. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ വ്യാഴാഴ്‌ച പകല്‍ രണ്ടരയോടെയായിരുന്നു അപകടം. മേഴത്തൂരിനടുത്ത്‌ മുടവന്നൂര്‍ തലക്കൊട്ടക്കുന്നിലെ ചെങ്കല്‍ക്വാറിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയായിരുന്നു കത്തിയമര്‍ന്നത്‌.

കാവശ്ശേരി സ്വദേശികളായ ഉണ്ണിക്കൃഷ്‌ണന്‍, കൃഷ്‌ണകുമാര്‍, കുമരനല്ലൂര്‍ സ്വദേശി ശശി, ആലൂര്‍ സ്വദേശി സുന്ദരന്‍, തൃത്താല സ്വദേശി കാളിദാസന്‍ എന്നിവര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാസുദേവന്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക