തളച്ചിരുന്ന ചങ്ങല പൊട്ടിച്ച ആന പാപ്പാനെ തുമ്പിക്കൈയില്‍ കോരിയെടുത്തു. കണ്ടുനിന്നവര്‍ അലറിവിളിച്ചതിനാല്‍ പാപ്പാനെ ആന താഴെനിര്‍ത്തി. നാട്ടാനകളുടെ കണക്കെടുപ്പിനായി കിടങ്ങൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കെട്ടിയ ആനയാണ് ഇടഞ്ഞ് പാപ്പാനെ തുമ്പിക്കൈ കൊണ്ട് കോരിയെടുത്തത്.
ചാന്നാനിക്കാട് ഗംഗാധരന്‍ എന്ന ആനയാണ് കണക്കെടുപ്പിനിടെ വ്യാഴാഴ്ച രാവിലെ ഇടഞ്ഞത്. ആനയെ നിയന്ത്രിക്കാനായി എത്തിയ പാപ്പാന്‍ ജോണിനെ ആന തുമ്പിക്കൈയില്‍ കോരിയെടുക്കുകയായിരുന്നു.
അലറി വിളിച്ചുകൊണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും ആന പാപ്പാനെ താഴെ നിര്‍ത്തി. അരമണിക്കൂറോളം പരിഭ്രാന്തി സൃഷ്‌ടിച്ച ഗംഗാധരനെ കുടുക്കിട്ട് തളയ്ക്കുകയായിരുന്നു. തളച്ച തെങ്ങും കൊമ്പന്‍ കുത്തിമറിച്ചു.
ബുധനാഴ്ചയും ഇവിടെ ആന ഇടഞ്ഞിരുന്നു. വേണാട്ടുമറ്റം ഗണേശന്‍ എന്ന കൊമ്പനാണ് വിരണ്ടോടി ഭീതി സൃഷ്ടിച്ചത്. കിടങ്ങൂരില്‍ നിന്ന് മണര്‍കാട് റോഡിലൂടെ മാന്താടികവല, ചന്തക്കവല വഴി പടിഞ്ഞാറെച്ചാല്‍ പാടശേഖരം വരെ ഓടിയ ആനയുടെ കാലുകള്‍ അവസാനം ചെളിയില്‍ പുതയുകയായിരുന്നു.
ആനകളുടെ റജിസ്ട്രേഷന്‍ ഡേറ്റാ ബുക് തയാറാക്കുന്നതിനു വേണ്ടിയുള്ള കണക്കെടുപ്പാണ് കിടങ്ങൂരിലും ഇളങ്ങുളത്തും നടക്കുന്നത്. കിടങ്ങൂരില്‍ അന്‍പത്തിയൊന്നും ഇളങ്ങുളത്ത് പതിനേഴും കരിവീരന്‍മാര്‍ എത്തി. കൂട്ടത്തില്‍ ഏറ്റവും ഉയരം പുതുപ്പള്ളി കേശവനാണ് - 309 സെന്റിമീറ്റര്‍.