തിരുശേഷിപ്പ്‌ കവര്‍ച്ച: സൂത്രധാരനെ കിട്ടി

Webdunia
വ്യാഴം, 6 ജനുവരി 2011 (10:16 IST)
PRO
PRO
മാപ്രാണം ഹോളിക്രോസ്‌ തീര്‍ഥകേന്ദ്രത്തിലെ തിരുശേഷിപ്പ്‌ കവര്‍ച്ചാസംഭവത്തിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. തളിക്കുളം സ്വദേശി അഭിലാഷ്‌ (30) ആണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളത്‌. സംഭവത്തിലെ മുഖ്യപ്രതിയായ കാര്‍ത്തികേയന്റെ സഹോദരീപുത്രനാണ്‌ അഭിലാഷ്‌. മാപ്രാണം തിരുശേഷിപ്പ്‌ കവര്‍ച്ച കൂടാതെ രണ്‌ടു ക്ഷേത്രക്കവര്‍ച്ചകളും പ്രതി സമ്മതിച്ചതായി സൂചനയുണ്‌ട്‌.

എന്നാല്‍, തിരുശേഷിപ്പ്‌ എവിടെയാണെന്നു കണ്ടെത്താന്‍ ഇതുവരെയും പോലീസിനു സാധിച്ചിട്ടില്ല. കാര്‍ത്തികേയനെ പിടികൂടിയാല്‍ മാത്രമേ തിരുശേഷിപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നറിയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ കാര്‍ത്തികേയനെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്‌ അഭിലാഷാണെന്ന്‌ തെളിഞ്ഞത്‌. തമിഴ്‌നാട്ടിലെ കുംഭകോണത്തേക്കാണ്‌ കാര്‍ത്തികേയന്‍ അരുളിക്കയുമായി പോയതെന്ന്‌ അഭിലാഷ്‌ പോലിസിനെ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 30നു പുലര്‍ച്ചെയാണ്‌ മാപ്രാണം ഹോളിക്രോസ്‌ തീര്‍ഥകേന്ദ്രത്തില്‍നിന്നു തിരുശേഷിപ്പുകള്‍ മോഷണം പോയത്‌. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ മൂന്നിനു രണ്‌ടു തിരുശേഷിപ്പുകളുടെ സ്റ്റാന്‍ഡുകളും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന പേടകത്തിനുള്ളിലെ കുരിശും സെമിത്തേരിക്കു സമീപമുള്ള പറമ്പിലെ ജാതിമരത്തിനടിയില്‍നിന്നും കണ്ടെത്തിയിരുന്നു.

ഇരിങ്ങാലക്കുട എഎസ്‌പി വിമലാദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിലെ പ്രധാന പ്രതിയായ കാര്‍ത്തികേയന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പോലീസ്‌ പുറപ്പെടുവിച്ചിരുന്നു.

അടുത്ത പേജില്‍ വായിക്കുക “തിരുശേഷിപ്പ് സ്വര്‍ണമാണെന്ന് കരുതി!”

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഇരിഞ്ഞാലക്കുട ഡോട്ട് കോം

PRO
PRO
മാപ്രാണം ഹോളി ക്രോസ്സ്‌ ദേവാലയത്തിലെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന അരുളിക സ്വര്‍‍ണമാണെന്ന്‌ കരുതിയാണ്‌ മോഷ്ടാക്കള്‍ മോഷണം നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. അഭിലാഷാണ്‌ മോഷണം പ്ലാന്‍ ചെയ്തത്. മോഷണം നടക്കുന്നതിനു ഒരാഴ്ച്ച മുന്പ് ഇരുവരും മാപ്രാണം പള്ളിയും പരിസരവും നിരീക്ഷിച്ചിരുന്നു.
മോഷണം നടന്ന രാത്രി കാര്‍ത്തികേയനെ ബൈക്കില്‍ പള്ളിയില്‍ കൊണ്ട്‌ ചെന്നാക്കിയശേഷം അഭിലാഷ്‌ പോകുകയും, മോഷണം കഴിഞ്ഞ്‌ അടുത്ത ദിവസം ഇവര്‍ കാണുകയും ചെയ്തിരുന്നതായി പോലീസ്‌ പറയുന്നു.

കാര്‍ത്തികേയന്റെ സഹോദരീ പുത്രനാണ്‌ അഭിലാഷ്. കാര്‍ത്തികേയനെതിരെ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോടീസും പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ഇതിന്‌ മുന്‍പും പല മോഷണങ്ങളും ഒന്നിച്ച്‌ നടത്തിയിട്ടുണ്ടെന്നും, മാപ്രാണം കവര്‍‍ച്ചക്ക്‌ മുന്‍പ്‌ ഇവര്‍ തളിയക്കോണം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും, പെരുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയെന്നും, മോഷ്ടിച്ച സാധനങ്ങള്‍ ഇരിങ്ങാലക്കുടയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തതായും പോലീസ്‌ പറഞ്ഞു.

മാപ്രാണം പള്ളിയിലെ മോഷണം നടത്തുന്നതിനിടയില്‍ കാര്‍ത്തികേയന്റെ കൈക്ക് പരുക്കേറ്റിരുന്നുവെന്നും, അതുകൊണ്ടാണ് ഭണ്ടാരം പൊളിക്കാന്‍ കഴിയാതിരുന്നതെന്നും പോലീസ് പറയുന്നു. വിരലടയാള വിദഗ്ദ്ധരുടെ പരിശോധയില്‍ ലഭിച്ച വിരലടയാളങ്ങള്‍ കാര്‍ത്തികേയന്റെയാണെന്നും, അന്വേഷണം കാര്‍ത്തികേയനിലെക്ക് തിരിഞ്ഞപ്പോള്‍ കുംഭകോണത്തു താമസിക്കുന്ന ഇളയമ്മ വഴി വിവരം കാര്‍ത്തികേയനെ അറിയിക്കുകയും അഭിലാഷ് ചെയ്തു. അഭിലാഷും കടുംബവും ഇരിങ്ങാലക്കുടയില്‍ നേരത്തെ താമസിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.

കേരളത്തിലെ ബന്ധു വീടുകളിലും, തമിഴ്നാട്ടിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഭിലാഷിലേക്ക് എത്തിച്ചേര്‍ന്നത്. ചൊവ്വാഴ്ച്ചരാത്രിയോടെയാണ്‌ അഭിലാഷിനെ പോലീസ് അറസ്റ്റ്‌ ചെയ്തത്‌. തൃശ്ശൂര്‍ എസ്‌പി ദിനേശ്‌, എഎസ്‌പി വിമലാദിത്യ, സ്പെഷ്യല്‍ ടീം അംഗങ്ങളായ എഎസ്‌ഐ ഫിലിപ്പ്‌, എംഒ ജോഷി, കെ സുരേഷ്‌, സുനില്‍, ഹെഡ്‌ കോണ്‍സ്റ്റബിള്‍മാരായ മുഹമ്മദ്‌ റാഫി, എംപി ഡേവിസ്, അനില്‍, പോലീസുകാരായ സത്താര്‍, സിപി ഉല്ലാസ്, ഹരി, ഉഷ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അടുത്ത പേജില്‍ വായിക്കുക “അഭിലാഷ്‌ നിരപരാധിയെന്ന്‌ ബന്ധുക്കള്‍”

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഇരിഞ്ഞാലക്കുട ഡോട്ട് കോം

PRO
PRO
മാപ്രാണം തിരുശേഷിപ്പ്‌ മോഷണക്കേസില്‍ പോലീസ്‌ മുഖ്യ സൂത്രധാരനെന്ന്‌ പറഞ്ഞ്‌ അറസ്റ്റ്‌ ചെയ്ത അഭിലാഷ്‌ നിരപരാധിയാണെന്ന്‌ ഭാര്യ ചാന്ദിനിയും, ബന്ധുക്കളും ആരോപിച്ചു. അഭിലാഷിനെ ജ്യുഡീഷ്യല്‍ ഫാസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ് പിഎന്‍ സീതയുടെ മുന്നില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ വീടിന്‌ വെളിയില്‍ അഭിലാഷിന്റെ ഭാര്യയും, ബന്ധുക്കളും കാത്തു നില്‍പ്പുണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകരോട് വളരെ വികാരാഭരിതമായ രീതിയിലാണ്‌ അഭിലാഷിന്റെ ബന്ധുക്കള്‍ സംസാരിച്ചത്‌. കഴിഞ്ഞ ഇരുപതാം തീയതി വീട്ടിലേക്ക്‌ ഫോണ്‍ ചെയ്താണ്‌ അഭിലാഷിനെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചതെന്നും, പോലീസ്‌ ആരോപിക്കുന്നത്‌ പോലെ തന്റെ ഭര്‍ത്താവ് ഇതുവരെ യാതൊരു കേസ്സിലും പ്രതിയായിട്ടില്ലെന്ന്‌ ഭാര്യ ചാന്ദിനി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഇരുപതാം തീയതി മുതല്‍ അഭിലാഷിനെ അറസ്റ്റ്‌ പോലും രേഖപ്പെടുത്താതെ അന്യായമായി പോലീസ്‌ തടങ്കലില്‍ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ബന്ധുകള്‍ പോലീസ്‌ സ്റ്റേഷനില്‍ അന്വേഷിച്ച്‌ ചെന്നപ്പോല്‍ അഭിലാഷിന്റെ അമ്മാവനും കേസ്സിലെ ഒന്നാം പ്രതിയുമായ കാര്‍ത്തികേയനെ കണ്ടെത്താന്‍ വേണ്ടിയാണ്‌ അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്ന്‌ പോലീസ്‌ പറഞ്ഞതായി ഇവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കിയതാണെന്നും, ഇതിനെതിരെ മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും തൃശ്ശൂര്‍ എസ്‌പി ക്കും, ഡിവൈഎസ്‌പിക്കും പരാതി നല്‍കുമെന്നും ചാന്ദിനിയും, ബന്ധുക്കളും പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക്‌ റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ വ്യാഴാഴ്ച്ച പരിഗണിക്കും.

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഇരിഞ്ഞാലക്കുട ഡോട്ട് കോം