തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു, ആനയെ വിരട്ടിയോടിച്ച സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന

തിങ്കള്‍, 1 ഫെബ്രുവരി 2016 (19:53 IST)
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു. ആറ്റിങ്ങല്‍ വക്കത്താണ് സംഭവം. മണക്കാട് സ്വദേശി ഷബീര്‍(22) ആണ് മരിച്ചത്. യുവാവിനെ അതിക്രൂരമായി തല്ലിക്കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടു.
 
ആക്രമണത്തിന്‍റെ സ്വഭാവമനുസരിച്ച് ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളെപ്പോലും പിന്നിലാക്കുന്ന രീതിയില്‍ അതിക്രൂരവും ദയാരഹിതവുമായ രീതിയിലായിരുന്നു കൊലപാതകം. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.
 
ദൈവപ്പുര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഒരു ആനയെ ചില സാമൂഹ്യവിരുദ്ധര്‍ വാലില്‍ പിടിച്ച് വിരട്ടിയോടിച്ചിരുന്നു. ആരൊക്കെയാണ് ഈ രീതിയില്‍ ആനയെ വിരട്ടിയോടിച്ചതെന്ന് ഷബീര്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്‍റെ പ്രതികാരമെന്ന നിലയിലാണ് ബൈക്കില്‍ പോകുകയായിരുന്ന ഷബീറിനെ തടഞ്ഞുനിര്‍ത്തി അതിക്രൂരമായി തല്ലിക്കൊന്നത്.
 
ബസ് യാത്രക്കാരില്‍ ആരോ ആണ് സംഭവം മൊബൈലില്‍ പകര്‍ത്തി ടി വി ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തന്നെയാണോ ഇത്ര ക്രൂരമായ കൊലപാതകം നടന്നതെന്ന് ചിന്തിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: കൈരളി പീപ്പിള്‍ ടി വി

വെബ്ദുനിയ വായിക്കുക