തിരുവനന്തപുരം മൃഗശാലയില്‍ 55 മൃഗങ്ങള്‍ ചത്തു, സാധാരണരീതിയില്‍ ചത്തതെന്ന് വിശദീകരണം

ശനി, 21 ഒക്‌ടോബര്‍ 2017 (16:26 IST)
ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം മൃഗശാലയില്‍ 55 ജീവികള്‍ ചത്തതായി റിപ്പോര്‍ട്ട്. ജീവികള്‍ സാധാരണ രീതിയില്‍ ചത്തതാണെന്നാണ് അധികൃതരുടെ വിശദീകരണം. 
 
2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയാണ് 55 ജീവികള്‍ ചത്തത്. 17 പക്ഷികള്‍, 32 സസ്തനികള്‍, ആറ്‌ ഉരഗങ്ങള്‍ എന്നിവയാണ് ചത്തത്. 
 
ദി ന്യൂസ് മിനിറ്റിന് വേണ്ടി സരിത എസ് ബാലനാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുകൊണ്ടല്ല ജീവികള്‍ ചത്തതെന്നാണ് മൃഗശാല അധികൃതരുടെയും ജീവനക്കാരുടെയും വിശദീകരണം.
 
ഈ ഒക്‍ടോബറില്‍ തന്നെ രണ്ടുദിവസത്തിനിടയില്‍ ഒരു പെണ്‍സിംഹവും ഒരു തേന്‍ കരടിയും തിരുവനന്തപുരം മൃഗശാലയില്‍ ചത്തിരുന്നു. ഏപ്രിലില്‍ ഒരു കടുവയും മാര്‍ച്ചില്‍ ഒരു സീബ്രയും ചത്തു.
 
പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങളാലാണ് പല ജീവികളും ചത്തതെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാതൊരു വിധത്തിലുള്ള അണുബാധയും ഉണ്ടായിട്ടില്ല. തിരുവനന്തപുരം മൃഗശാലയിലെ ഏകകുഴപ്പം മാനുകള്‍ പരസ്പരം ആക്രമണം നടത്തുന്നതാണ്. ഇപ്പോള്‍ 200 മാനുകള്‍ ഇവിടെയുണ്ട്. അവ തമ്മില്‍ ആക്രമിക്കുകയും അതിനിടയില്‍ ചിലപ്പോള്‍ ചത്തുപോകുകയും ചെയ്യുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 
പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ചില കൂടുകള്‍ മാറ്റി പുതിയ കൂടുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി മാനേജുചെയ്യുകയാണെന്നും അധികൃതര്‍ പറയുന്നു.

റിപ്പോര്‍ട്ടിന് കടപ്പാട്: ദി ന്യൂസ് മിനിറ്റ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍