തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് ഇനിയും സമയം ബാക്കി
വ്യാഴം, 8 ജനുവരി 2015 (17:34 IST)
കൂനിന്മേല്‍ കുരു പോലെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അവസ്ഥ. ഒന്നിനു പിറകെ ഒന്നായി തിരിച്ചടികള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. ഒടുവില്‍ കാത്തു കാത്തിരുന്ന വിധി ഇതാ തലതിരിഞ്ഞു വന്ന് കൊഞ്ഞനം കുത്തി കാണിക്കുന്നു. ഇതിലും വലുതൊക്കെ വന്നിട്ടും അധികാരം പോകാതെ കാത്തുസൂക്ഷിച്ച സര്‍ക്കാരിന് ഇതും അത്ര വലിയ പ്രശ്നമൊന്നുമല്ല.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ആദ്യം മുതല്‍ തന്നെ നിലത്തു വീണ് ഉടഞ്ഞിരുന്നു. അതുകൊണ്ടു തന്നെ
ഈ വിധിയില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല.
2013 സെപ്തംബര്‍ 23ന് ആണ് പാമോലിന്‍ കേസ് പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ 26ന് പിന്‍വലിക്കാനുള്ള അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കേസ് പിന്‍ വലിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍ കുമാര്‍ എം എല്‍ എയും കോടതിയെ സമീപിച്ചതോടെ കഥ മാറി. കഴിഞ്ഞവര്‍ഷം ജനുവരി 10ന് കേസ് തുടരുമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും കൈവിടുകയായിരുന്നു.
കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിവിധി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നും കോടതി പറഞ്ഞു. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ തീരുമാനം പ്രതികളെ സംരക്ഷിക്കാനാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ വി എസിനും സുനില്‍ കുമാറിനും കക്ഷിചേരാന്‍ അധികാരമില്ലെന്ന സര്‍ക്കാരിന്റെ വാദവും ഹൈക്കോടതി പൊളിച്ചടുക്കി. നിരപരാധികള്‍ കേസ് പിന്‍വലിച്ചല്ല വിചാരണ നേരിട്ട് ആണ് നിരപരാധിത്വം തെളിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ തുടക്കം
1991 - 92 കാലഘട്ടത്തില്‍ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയെ ഇടനിലക്കാരാക്കി മലേഷ്യയില്‍ നിന്നും 15000 മെട്രിക് പാമോയില്‍ , സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു വേണ്ടി കെ കരുണാകരന്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്തിരുന്നു.
പാമോലിന്‍ ഇറക്കുമതിയില്‍ നടന്ന വന്‍ അഴിമതിയാണ് കേസിന് ആധാരം. അന്നത്തെ മുഖ്യമന്ത്രിയെയും ഭക്‌ഷ്യമന്ത്രിയെയും പ്രതിയാക്കിയാണ് അന്വേഷണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ , അന്നത്തെ ഭക്‍ഷ്യമന്ത്രി ടി എച്ച് മുസ്തഫ ഇതിനെതിരെ കോടതിയെ സമീപിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മുസ്തഫയുടെ ആവശ്യം.
പാമോലിന്‍ കേസ് നടക്കുന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ , ജിജി തോംസണ്‍ , പി ജെ തോമസ്, ടി എച്ച് മുസ്തഫ എന്നവരുള്‍പ്പെടെ എട്ടു പേരായിരുന്നു പ്രതി സ്ഥാനത്ത്. 2005ല്‍ കേസ് പിന്‍വലിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ , തുടര്‍ന്ന് ഭരണത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
എല്‍ ഡി എഫ് നടപടി പകപോക്കലാണെന്ന് ആരോപിച്ച് കെ കരുണാകരന്‍ 2007ല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വാദം കോടതി തളളി. 2011 ജനുവരി 11ന് കരുണാകരന്റെ നിര്യാണത്തോടെ സുപ്രിംകോടതി അദ്ദേഹത്തെ കേസില്‍ നിന്നൊഴിവാക്കി. 2007 മെയ് പതിനാലിന് കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജി തള്ളിയിരുന്നു.
എന്നാല്‍ , അഞ്ചു വര്‍ഷത്തിനു ശേഷം 2012 മെയ് 24ന് വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു. 2013ല്‍ ടി എച്ച് മുസ്തഫ, ജിജി തോംസണ്‍ എന്നിവര്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
2013 സെപ്തംബര്‍ 23ന് കേസ് പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഒക്‌ടോബര്‍ 26ന് പിന്‍വലിക്കാനുള്ള അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ , 2014 ജനുവരി 10ന് കേസ് തുടരുമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും കൈയൊഴിയുകയായിരുന്നു.