തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമില്ല: മുല്ലപ്പള്ളി

ബുധന്‍, 20 ജൂലൈ 2011 (12:24 IST)
PRO
PRO
ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്‌ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തച്ചങ്കരി സര്‍വീസില്‍ തിരികെ പ്രവേശിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേരളത്തില്‍ ഭീകര സംഘടനകള്‍ ശക്‌തിപ്രാപിക്കുകയാണെന്നും ഇതിനെതിരെ‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.

വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് എന്‍ ഐ എ അന്വേഷണം നേരിടുന്ന തച്ചങ്കരിയെ ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂടെ അടിസ്‌ഥാനത്തിലാണ് തിരിച്ചെടുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചിരുന്നു.

തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസില്‍ തിരിച്ചെത്തുന്ന തച്ചങ്കരിക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനം നല്‍കില്ലെന്നാണ് ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്ജും വ്യക്തമാക്കിയിരുന്നു. തച്ചങ്കരിയും എന്‍ ഐ എ തലവനും ഒരേ ബാച്ചില്‍ പഠിച്ചിറങ്ങിയവരാണ്‌. അതുകൊണ്ടുതന്നെ തച്ചങ്കരി എങ്ങനെ തിരിച്ചെത്തിയെന്ന്‌ എല്ലാവര്‍ക്കും വ്യക്‌തമാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക