"ഡ്രൈ ഡേ എന്‍റെ മാത്രം തീരുമാനം" - മുഖ്യമന്ത്രി, ഒന്നും മിണ്ടാതെ സുധീരന്‍

വ്യാഴം, 18 ഡിസം‌ബര്‍ 2014 (19:22 IST)
മുസ്ലിം ലീഗിന്‍റെയും കെ പി സി സി അധ്യക്ഷന്‍റെയും എതിര്‍പ്പ് അവഗണിച്ച് മദ്യനയം സംസ്ഥാന മന്ത്രിസഭായോഗം പൊളിച്ചെഴുതി. ഞായറാഴ്ച 'ഡ്രൈ ഡേ' എന്നുള്ളത് പിന്‍‌വലിച്ചു. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ഹൈജീനിക് ആയ എല്ലാ ബാറുകള്‍ക്കും ബീര്‍ - വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കും.
 
സര്‍ക്കാരിന്‍റെ ഈ തീരുമാനത്തോട് മുസ്ലിം ലീഗ് വിയോജിച്ചതായി മുഖ്യമന്ത്രി തന്നെ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യോഗത്തില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ കടുത്ത വിമര്‍ശനവും വിയോജിപ്പും ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് വി എം സുധീരന്‍ പറഞ്ഞത്.
 
'ഡ്രൈ ഡേ' എന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നു എന്നും അത് ആരും നിര്‍ദ്ദേശിച്ചതല്ല എന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. "ഡ്രൈ ഡേ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. ശനിയാഴ്ചകളില്‍ ബിവറേജുകളില്‍ 60 ശതമാനം വില്‍പ്പനയാണ് കൂടിയത്. ടൂറിസം മേഖലകളിലെ പരാതികള്‍ കൂടി പരിഗണിച്ച് ഡ്രൈ ഡേ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണ്" - ഉമ്മന്‍‌ചാണ്ടി അറിയിച്ചു.
 
ഡ്രൈ ഡേ നിലവില്‍ ഉണ്ടായിരുന്നപ്പോള്‍ ആഴ്ചയില്‍ ആറു ദിവസം 15 മണിക്കൂറുകള്‍ വച്ചായിരുന്നു ബിവറേജുകള്‍ പ്രവര്‍ത്തിച്ചത്. ഡ്രൈ ഡേ ഒഴിവാക്കുമ്പോള്‍ അത് പന്ത്രണ്ടര മണിക്കൂറായി കുറച്ചിട്ടുണ്ട്. 
 
മദ്യനയം പൊളിച്ചെഴുതിയതോടെ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്കും ബീര്‍ - വൈന്‍ ലൈസന്‍സ് ലഭിക്കും. കോടതി അനുമതിയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ക്കും ബീര്‍ - വൈന്‍ പാര്‍ലര്‍ ലൈസന്‍സ് കിട്ടും. എന്നാല്‍ ഈ ലൈസന്‍സ് ലഭിക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക