ഡ്രൈവറെ മര്‍ദ്ദിച്ചു; എംഎല്‍എയ്ക്ക് എതിരെ കേസ്

വെള്ളി, 26 ഫെബ്രുവരി 2010 (11:58 IST)
കെ എസ്‌ ആര്‍ ടി സി ബസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചതിന്‌ മാങ്കോട്‌ രാധാകൃഷ്ണന്‍ എം എല്‍ എ യ്ക്കെതിരേ പൊലീസ്‌ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തിയതിന്‌ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ്‌ കേസ്‌.

എം എല്‍ എയ്ക്കെതിരായ നിയമനടപടികള്‍ക്ക്‌ പൊലീസ്‌ നിയമസഭാ സ്പീക്കറുടെ അനുവാദം തേടിയിട്ടുണ്‌ട്‌. രാധാകൃഷ്ണനെതിരെ കേസെടുത്തില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം നല്കുമെന്ന് കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു വിവാദമായ സംഭവം.

സഞ്ചരിച്ചിരുന്ന കാറിനെ ബസിന്‍റെ മുന്നില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് മങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഡ്രൈവറെ നാട്ടുകാരും ട്രാഫിക് പൊലീസും ചേര്‍ന്ന് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കേകോട്ടയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എം എല്‍ എ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ ടേക് ചെയ്യാന്‍ ബസ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് കാര്‍ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ ബസിന്‍റെ പിന്‍ഭാഗത്ത് കാര്‍ ഇടിച്ചു.

ഇതില്‍ പ്രകോപിതനായ എം എല്‍ എ കാറില്‍ നിന്ന് ഇറങ്ങി ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക