ഡാം 999ന് പ്രേരണയായത് മുല്ലപ്പെരിയാര്‍ തന്നെ: സോഹന്‍ റോയ്
ബുധന്‍, 30 നവംബര്‍ 2011 (19:58 IST)
ഡാം 999 എന്ന ചിത്രത്തിന് പ്രേരണയായത് മുല്ലപ്പെരിയാര്‍ ഡാം തന്നെയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ്. എന്നാല്‍ ലോകത്തിലെ എല്ലാ ഡാമുകളെയും കുറിച്ചുള്ള ആശങ്കകളാണ് ചിത്രത്തിലുള്ളതെന്നും സോഹന്‍ റോയ് പറഞ്ഞു. ഡാം 999 തമിഴ്നാട്ടില്‍ നിരോധിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു സോഹന്‍ റോയി.
മുല്ലപ്പെരിയാര്‍ പ്രശ്നം രാഷ്ട്രീയമാണ്. തമിഴ്നാട്ടിന് വെള്ളം നല്‍കില്ലെന്ന് കേരളം ഒരിക്കലും പറഞ്ഞിട്ടില്ല. തമിഴ്നാട്ടിന് കൂടുതല്‍ വെള്ളം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. സിനിമ കാണാതെയാണ് തമിഴ്നാട്ടില്‍ ഡാം 999 നിരോധിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നം ചിത്രത്തിന്റെ പ്രചരണത്തിനായി ഉപയോഗിച്ചിട്ടില്ല- സോഹന്‍ റോയ് പറഞ്ഞു.
തന്റെ അടുത്ത സിനിമ സൊമാലിയന്‍ കടല്‍ക്കൊള്ളയുടെ പ്രശ്നങ്ങളെ കുറിച്ചുള്ളതാണെന്നും സോഹന്‍ റോയ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.