മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച ട്രെയിന്‍ 40 മിനിറ്റ് നേരം വഴിയില്‍ പിടിച്ചിട്ടു. ഏറെ നേരം കാത്തിരിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം പുറത്തിറങ്ങി നടന്നു. ഒപ്പം മന്ത്രി കെ സി ജോസഫും കൂടി. കെ സി ജോസഫിന്‍റെ കാര്‍ അവിടേക്ക് വിളിച്ചുവരുത്തുകയും അതില്‍ കയറി മുഖ്യമന്ത്രി വീട്ടിലേക്ക് പോകുകയും ചെയ്തു. ഗണ്‍മാന്‍ പോലും ഒപ്പമില്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
പ്രചാരണം കഴിഞ്ഞ് മലപ്പുറത്തുനിന്ന് മാവേലി എക്സ്പ്രസിലാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്ക് എത്തിയത്. എന്നാല്‍ പേട്ട സ്റ്റേഷനില്‍ 6.40ന് എത്തിയ ട്രെയിന്‍ പക്ഷേ 7.20 ആയിട്ടും എടുത്തില്ല. 40 മിനിറ്റ് കാത്തിരുന്ന ഉമ്മന്‍ചാണ്ടി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി നടന്നുപോകുകയായിരുന്നു.
സുരക്ഷാ ജീവനക്കാരോ പൊലീസുകാരോ ഒപ്പമില്ലാതെ ഉമ്മന്‍ചാണ്ടി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി നടന്നപ്പോള്‍ ഒപ്പം നടന്നത് മന്ത്രി കെ സി ജോസഫ്. അതേസമയം, ട്രെയിന്‍ വരുന്നതും കാത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ഔദ്യോഗിക വാഹനവും തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.