ട്രാക്കില്‍ ബോംബ്: സെന്തിലിനെതിരെ നിര്‍ണായക തെളിവ്
വെള്ളി, 24 ഓഗസ്റ്റ് 2012 (19:33 IST)
PRO
PRO
കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വെള്ളൂര് നിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി എം പാനല്‍ ഡ്രൈവറായ സെന്തിലിനു ബന്ധമുണ്ടെന്നതിനു വ്യക്‌തമായ തെളിവുകള്‍ ലഭിച്ചു. സെന്തിലിന്റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വസ്‌തുക്കളുടെ ഭാഗങ്ങള്‍ കണ്ടെടുത്തതായി ഡിവൈഎസ്പി രമേഷ് കുമാര്‍ പറഞ്ഞു. ബോംബ് നിര്‍മിക്കാന്‍ ആരെങ്കിലും സഹായിച്ചൊ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത പിറവം എടക്കാട്ടുവയല്‍ സ്വദേശി തോമസ് എന്നയാളോട് സെന്തിലിന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ബോംബ് ഒളിപ്പിച്ച സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ നിന്ന് തോമസിന്റെ പേരും ഒരു ബൈക്കിന്റെ നമ്പറും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസിനെ ചോദ്യം ചെയ്തത്. തോമസും സെന്തിലും ഒരു സ്വകാര്യ ബസിലെ ജീവനക്കാരായിരുന്നു. മുമ്പ് തോമസിനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ബോംബ് നിര്‍മ്മാണത്തിലെ പിഴവുമൂലമാണ് വന്‍ ദുരന്തം ഒഴിവായത് എന്നാണ് ബോംബ് സ്ക്വാഡിന്റെ കണ്ടെത്തല്‍. ഡിറ്റണേറ്ററും ബാറ്ററിയും ബന്ധിപ്പിച്ചതിനെ പിഴവുമൂലമാണ് ബോംബ് പൊട്ടാതെ പോയത്. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ് കടന്നുവരുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പായിരുന്നു ബോംബ് കണ്ടെത്തിയത്.
സെന്തില്‍ നിരപരാധി ആണെന്നു പറയില്ലെന്നു പിതാവ് കുമാരന്‍ പറഞ്ഞു. ബോംബ് വച്ചതില്‍ സെന്തിലിന് പങ്കുണ്ടെന്നു സംശയിക്കുന്നു. തോമസുമായി സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും കുമാരന്‍ മൊഴിനല്‍കി.