ടെറസില്‍നിന്ന് പേരക്കുട്ടിയുമായി വീണ മുത്തച്ഛന്‍ മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

വ്യാഴം, 23 ഫെബ്രുവരി 2012 (04:50 IST)
പേരക്കുട്ടിയുമായി വീടിന്റെ ടെറസ്സില്‍ നിന്ന് വീണ മുത്തച്ഛന്‍ മരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ ടൗണിലെ 'സ്വദേശി' ഫാര്‍മസി ഉടമ കളരിക്കല്‍ കെ എ അഗസ്റ്റിന്‍ (കുട്ടന്‍-65) ആണ് മരിച്ചത്. അഗസ്റ്റിന്റെ രണ്ടാമത്തെ മകന്‍ ക്ലമന്റിന്റെ ഒന്നര വയസ്സുള്ള മകള്‍ കൃപയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. രണ്ടാംനിലയിലെ ടെറസില്‍ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി താഴേക്കുവീഴുകയായിരുന്നു. തല തറയിലിടിച്ച് അഗസ്റ്റിന്‍ തല്‍ക്ഷണം മരിച്ചു. കൈയില്‍ അടക്കിവച്ചിരുന്ന കൃപ വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയെങ്കിലും നിസ്സാരപരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി. അഗസ്റ്റിന്റെ സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് അടിമാലി ഇരുന്നൂറേക്കര്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് സെമിത്തേരിയില്‍.

വെബ്ദുനിയ വായിക്കുക