ടീച്ചറുടെ മകളുടെ കല്യാണത്തിന് സ്കൂളിന് അവധി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും രക്ഷാകര്‍ത്താക്കളും സ്കൂള്‍ ഉപരോധിച്ചു. ചപ്പാരപ്പടവ് സ്കൂളിലാണ് ബുധനാഴ്ച ഈ വിചിത്ര സംഭവം അരങ്ങേറിയത്. സ്കൂളിലെ അധ്യാപിക ജോസ്നയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെയുള്ള നാല്‍പത് അധ്യാപകരില്‍ ഇരുപത്തിയഞ്ച് പേരും അവധിയെടുത്തതിനാലാണ് സ്കൂളിന് അവധി നല്‍കേണ്ടി വന്നത്.
സ്കൂളില്‍ പഠിപ്പിക്കുന്ന ഒരാളുടെ മകളുടെ കല്യാണത്തിന് സ്കൂളിന് അവധി നല്‍കുന്നത് നിയവിരുദ്ധമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചത്. സ്കൂളിലേക്ക് തള്ളിക്കയറിയ നാട്ടുകാര്‍ സ്കൂള്‍ ഓഫിസ് ഉപരോധിക്കുകയും പ്രധാനാധ്യാപകനെ പൂട്ടിയിടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതിനു പിടിഎ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനാധ്യാപകന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു.
വ്യാഴാഴ്ച നാട്ടുകാര്‍ എത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് വിസമ്മതിച്ചു. തുടര്‍ന്ന് വീണ്ടും നാട്ടുകാര്‍ സ്കൂളിലേക്ക് ഇരച്ചു കയറി. സ്റ്റാഫ് മുറിയും പ്രധാനാധ്യാപകന്റെ മുറിയും തുറക്കാന്‍ ഇവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്കൂള്‍ മാനേജറുടെയും പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 14ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാന്‍ ധാരണയായി.
ബഹളത്തെ തുടര്‍ന്ന് പത്ത് മിനിറ്റ് വൈകിയാണ് ക്ലാസ് തുടങ്ങിയത്. ചര്‍ച്ചയില്‍ സ്കൂള്‍ മാനേജര്‍ എം ഹസനാര്‍ ഹാജി, പ്രധാനാധ്യാപകന്‍ ഐ ദാമോദരന്‍, പിടിഎ പ്രസിഡന്റ് ജോണ്‍ മുണ്ടപാലം, വാര്‍ഡ് മെംമ്പര്‍മാരായ എംയു ആലി, അലി മങ്കര, ഒപി ഇബ്രാഹിംകുട്ടി, സ്റ്റാഫ് പ്രതിനിധി സഹദേവന്‍, ഒപി നാസര്‍, പികെ അബ്ദുല്‍ ബാരി, ഒ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.