ടി പി വധം: കുറ്റപത്രം സമര്‍പ്പിച്ചു, ഒന്നാം പ്രതി എം സി അനൂപ്
തിങ്കള്‍, 13 ഓഗസ്റ്റ് 2012 (15:18 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എഴുപത്താറ് പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉള്‍പ്പെടുത്തി ഒറ്റ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് 76 പ്രതികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകത്തില്‍ പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരാണ് ആദ്യ പ്രതികള്‍. കൊലപാതകത്തിന് നേതൃത്വം നല്‍കിയ എം സി അനൂപ് ആണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടിസുനി, ടി കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം ഏഴു വരെയുള്ള പ്രതികള്‍
ഏഴു മുതല്‍ പതിനാല് വരെയുള്ള പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ല. കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഇവരെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരില്‍ സി പി എം നേതാക്കളും ഉള്‍പ്പെടും. സി പി എം കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ സി രാമചന്ദ്രനും പ്രതിപ്പട്ടികയില്‍ മുന്നിലുണ്ട്. ടി പിയെ വധിക്കാന്‍ എം സി അനൂപുമായി ആദ്യം ഗൂഢാലോചന നടത്തിയത് രാമചന്ദ്രന്‍ ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മോഹനന്‍, കാരായി രാജന്‍, ജില്ലാ കമ്മിറ്റി അംഗം സി എച്ച് അശോകന്‍ തുടങ്ങി പാര്‍ട്ടി നേതാക്കള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു. പി മോഹനന്‍ പ്രതിപ്പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.
15 മുതല്‍ 37 വരെയുള്ള പ്രതികള്‍ കൊലയ്ക്ക് സഹായിച്ചവരും സിം കാര്‍ഡ് എടുത്തുനല്‍കിയതുള്‍പ്പെടെയുള്ള സഹായങ്ങള്‍ പ്രതികള്‍ക്ക് ചെയ്തുകൊടുത്തവരുമാണ്. പ്രതികളെ രക്ഷപെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ് ബാക്കിയുള്ള പ്രതികള്‍.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. 200ലധികം പേരുടെ സാക്ഷിമൊഴികളും 400ലധികം തെളിവുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് നാല് വെള്ളിയാഴ്ച രാത്രി പത്തരയോടെ വടകര വള്ളിക്കാടിനു സമീപം ഇന്നോവ കാറിലെത്തിയ സംഘമാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ വെട്ടേറ്റതിന്റെ 51 മുറിവുകളുണ്ടായിരുന്നു.
കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയക്കൊലപാതക്കേസുകളില്‍ പ്രതിയായ കൊടി സുനിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ കൊലയാളി സംഘത്തെ ഏകോപിപ്പിച്ചത് ടി കെ രജീഷ് ആയിരുന്നു എന്ന് മനസിലായതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇന്നോവക്കാറില്‍ സഞ്ചരിച്ച മറ്റ് ആറു പേരെയും പൊലീസ് പലസ്ഥലങ്ങളില്‍ നിന്നായി പിടികൂടി. ഇവരില്‍ എം സി അനൂപ് ആണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടിസുനി, ടി കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം ഏഴു വരെയുള്ള പ്രതികള്‍
പിടികൂടിയവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് സി പി എം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ ആണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാകുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസം വടകര ഒന്നാം ക്ലാസ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കുഞ്ഞനന്തന്‍ കീഴടങ്ങിയതോടെ ടി പി വധക്കേസ് അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കടന്നത്.