ടി പി വധം: കുഞ്ഞനന്തന്‍ കീഴടങ്ങുമെന്ന് സൂചന

വ്യാഴം, 7 ജൂണ്‍ 2012 (18:51 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്‌ ലുക്കൗട്ട്‌ സര്‍ക്കുലര്‍ ഇറക്കിയ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട്ടെ കുഞ്ഞനന്തന്‍ കീഴടങ്ങുമെന്ന് സൂചന. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതിന് പൊലീസിന്റെ പിടിയിലായ പാനൂര്‍ സ്വദേശി കണ്ണമ്പള്ളി പാത്തിയില്‍ താഴക്കുനി കുമാരനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചന ലഭിച്ചത്.

കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കടന്ന കുഞ്ഞനന്തനെ അവിടെ ബെയ്ക്കറി നടത്തുകയായിരുന്ന സുഹൃത്ത് കുമാരന്‍ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് ബല്‍ഗാമിലും പൂനെയിലും കുഞ്ഞനന്തനെ പാര്‍പ്പിച്ചത് കുമാരനായിരുന്നു. എന്നാല്‍ പൊലീസ് പിന്തുടരുന്നെന്ന് മനസിലായപ്പോള്‍ കുമാരന്‍ കുഞ്ഞനന്തനെ കൂട്ടി വീണ്ടും ബാംഗ്ലൂരില്‍ വരികയായിരുന്നു. തുടര്‍ന്ന് കുഞ്ഞനന്തനെ പയ്യന്നൂരില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ഇയാളെ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നായിരുന്നു കുമാരന്റെ മൊഴി.

എന്നാല്‍ കുഞ്ഞനന്തനെ കുറിച്ചുള്ള പൂര്‍ണ വിവരം പൊലീസിനു ലഭിച്ചെന്നാണ് സൂചന. ഇയാള്‍ പയ്യന്നൂരിലെ പാര്‍ട്ടി നേതാക്കളുടെ സഹായത്താല്‍ ഒളിച്ചുതാമസിക്കുന്നുവെന്നാണ്‌ പൊലീസ്‌ കണക്കുകൂട്ടുന്നത്‌. ദിവസങ്ങള്‍ക്കകം ഇയാള്‍ ഏതെങ്കിലും കോടതിയില്‍ ഹാജരാവുമെന്ന്‌ അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. കുഞ്ഞനന്തന്‍ പിടിയിലാവുന്നതോടെ ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനയുടെ മുഴുവന്‍ ചിത്രവും തെളിയുമെന്നാണ്‌ കരുതുന്നത്‌.

സി പി എമ്മിന് ആര്‍ എസ് എസില്‍ നിന്നും മറ്റും വെല്ലുവിളി ഉയര്‍ന്നപ്പോള്‍ പാനൂര്‍ മേഖലയില്‍ പാര്‍ട്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ്‌ കുഞ്ഞനന്തന്‍. അതിനാല്‍ കുഞ്ഞനന്തനെ ഒളിപ്പിക്കാന്‍ പാര്‍ട്ടി പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്. 8 സി പി എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ടി പി വധിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനായതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വഴിത്തിരിവിലെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതാണ് സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. തുടര്‍ന്നാണ് സംഭവത്തില്‍ കുഞ്ഞനന്തന് പങ്കുള്ളതായി വ്യക്തമായത്.

വെബ്ദുനിയ വായിക്കുക