ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചാലയിലെ റംലത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
അപകടത്തില്‍ ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത(47), ചാല ഞാറോളി അബ്ദുല്‍ അസീസ് (55) താട്ടട ആര്‍ പി ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത (42) എന്നിവര്‍ മരിച്ചിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിസരത്തെ അഞ്ചു വീടുകള്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു.