സംസ്ഥാന മന്ത്രിസഭയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ പോകുകയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണ പിള്ള. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ചേരുന്ന യു ഡി എഫ് നേതൃയോഗം ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കും.
ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിനും മുമ്പേ മുഖ്യമന്ത്രിക്ക് താന്‍ പരാതി നല്‍കിയതാണ്. എന്നാല്‍, ഇതില്‍ ഒരു നടപടി പോലും ഉണ്ടായില്ല. പരാതി ലഭിച്ചു എന്ന് കാണിച്ച് ഒരു കാര്‍ഡ് പോലും ലഭിച്ചില്ല. മാണിയേക്കാള്‍ വലിയ കള്ളന്മാര് മന്ത്രിസഭയിലുണ്ടെന്നും പിള്ള പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ പോകുകയാണ്. താന്‍ കൊടുത്ത കത്തിനു മറുപടിയില്ലെങ്കില്‍ ആ കത്തു കൂടി പുറത്തുവിട്ടതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പിള്ള പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീരേന്ദ്രകുമാറിനെ പാലക്കാട് കാലുവാരിയെന്നും പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്നും പിള്ള പറഞ്ഞു.