ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (15:05 IST)
PRO
PRO
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശപത്രിക സ്വീകരിക്കും. പത്രികയില്‍ അപാകതയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. പത്രിക സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കമ്മിഷന്‍ രേഖകള്‍ അനുസരിച്ച് കെഎം മാണി തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്‍.

എല്‍ഡിഎഫ്, ബിജെപി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മാറ്റിവച്ചിരിരുന്നു.

‘ഫോം എ’ യില്‍ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ കെ എം മാണി ചുമതലപ്പെടുത്തിയതാണ് കുഴപ്പമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി എഫ് തോമസാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍. 2008ല്‍ കെ എം മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും അതിന്‍റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്‍റെ പക്കലില്ല എന്നാണ് പരാതിക്കാര്‍ വാദിച്ചത്.

അതേസമയം ഔദ്യോഗിക രേഖകളനുസരിച്ചു മാണിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ എന്നു കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2013 ഫെബ്രുവരിയില്‍ തന്നെ ഇതു സംബന്ധിച്ച രേഖകള്‍ കമ്മിഷന് അയച്ചിരുന്നുവെന്നും നേതൃത്വം അറിയിച്ചു.