ജോര്‍ജിനെതിരെ 25 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്‍കും: ജെ എസ് എസ്
വ്യാഴം, 21 മാര്‍ച്ച് 2013 (17:12 IST)
PRO
PRO
പി സി ജോര്‍ജിനെതിരെ ജെ എസ് എസ് നിയമനടപടിക്ക് ഒരുങ്ങുന്നു. കെ ആര്‍ ഗൗരിയമ്മക്കെതിരെ മോശമായ രീതിയില്‍ പ്രസ്താവന നടത്തിയ പി സി ജോര്‍ജിനെതിരെ 25 കോടിയുടെ മാനനഷ്ട കേസ് നല്‍കാന്‍ ജെ എസ് എസ് തീരുമാനിച്ചു. ജെ എസ് എസ് സംസ്ഥാന സെക്രട്ടറി അഡ്വ സജിത്താണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത യു ഡി എഫ് യോഗത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റാന്‍ നടപടിയുണ്ടായില്ലെങ്കില്‍ മുന്നണിവിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയ്ക്കും ടി വി തോമസിനും എതിരേ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്ത് കൊണ്ടു വന്നത്.
ഒരു ചാനല്‍ രഹസ്യ ക്യാമറ വച്ച് സംഭവം പുറത്തുവിടുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് സ്പീക്കര്‍ നിയമസഭയില്‍ അറിയിച്ചത്. പരാമര്‍ശങ്ങള്‍ നടന്നത് നിയമസഭയ്ക്ക് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി സി ജോര്‍ജ് അതിരുകള്‍ ലംഘിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ജോര്‍ജിനെതിരേ പ്രതിപക്ഷം നല്‍കിയ പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. എത്തിക്സ് കമ്മിറ്റിക്ക് വിടുന്ന നടപടിയെ പ്രതിപക്ഷം എതിര്‍ത്തു. തുടര്‍ച്ചയായി അതിരുകള്‍ ലംഘിക്കുന്ന ജോര്‍ജിനെതിരേ ഉടന്‍ നടപടി വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഗൗരിയമ്മക്കും ടിവി തോമസിനുമെതിരെ ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സ്പീക്കര്‍ സഭാചട്ടങ്ങള്‍ പരിശോധിച്ചതിനുശേഷം നടപടിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.