ജെഎസ്എസ് പിളര്‍ന്നു; യുഡി‌എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്

ഞായര്‍, 26 ജനുവരി 2014 (11:54 IST)
PRO
PRO
ജെഎസ്എസ് പിളര്‍ന്നു. യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെആര്‍ ഗൗരിയമ്മയുടെ തീരുമാനം സംസ്ഥാന പ്രസിഡന്റ് എഎന്‍ രാജന്‍ ബാബു വിഭാഗം തള്ളി. ഇന്ന് വൈകുന്നേരം നടക്കുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനത്തില്‍ യുഡിഎഫ് വിടാനുള്ള തീരുമാനം ഗൗരിയമ്മ പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടി പിളര്‍ന്നത്. ഗൗരിയമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജന്‍ ബാബുവടക്കം ഒരു വിഭാഗം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.

ഗൗരിയമ്മയുടെ ജെഎസ്എസിനൊപ്പം ഇനിയും തുടരാന്‍ കഴിയില്ല. ഇപ്പോള്‍ യുഡിഎഫ് വിടുന്നതില്‍ മതിയായ കാരണമില്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ പാര്‍ട്ടി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് രാജന്‍ ബാബു കുറ്റപ്പെടുത്തി. സിപിഎമ്മില്‍ ലയിക്കുക എന്നതാണ് ഗൗരിയമ്മയുടെ ലക്‌ഷ്യം. ഭൂരിഭാഗം പ്രവവര്‍ത്തകരും യുഡിഎഫ് വിടേണ്ടെന്ന തീരുമാനമാണ് കൈകൊണ്ടത്. ഭൂരിപക്ഷം പ്രവര്‍ത്തകരുള്ളതിനാല്‍ തങ്ങള്‍ക്ക് ജെഎസ്എസ് എന്ന പേര് ലഭിക്കണമെന്നും രാജന്‍ബാബു അവകാശപ്പെട്ടു.

യുഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഭൂരിഭാഗം പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണെന്നും രാജന്‍ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യ സംരക്ഷണ സമിതി എന്നാല്‍ ഏതെങ്കിലും നേതാക്കളല്ലെന്നും പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് എന്ന പേരില്‍ തന്നെയാകും പാര്‍ട്ടി അറിയപ്പെടുക. എതിര്‍പ്പുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്ന് രണ്ട് മണിക്ക് സമാന്തര പാര്‍ട്ടി കണ്‍വെന്‍ഷന്‍ ചേരുമെന്നും രാജന്‍ ബാബു വ്യക്തമാക്കി.

ജെഎസ്എസ് യുഡിഎഫിനൊപ്പമാണെന്ന് പാര്‍ട്ടി നേതാവ് കെകെ ഷാജുവും ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുഡിഎഫ് വിടാനാണ് ഗൗരിയമ്മയുടെ തീരുമാനമെങ്കില്‍ അതാവാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

വെബ്ദുനിയ വായിക്കുക