ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്‌ലാമിന്റെ അസമിലെ വീട്ടില്‍ കേരള പൊലീസ് എത്തി; മാതാവിന്റെ മൊഴിയെടുത്തു

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (17:51 IST)
ജിഷ വധക്കേസിലെ പ്രതി അമിറുല്‍ ഇസ്ലാമിന്റെ അസമിലെ വീട്ടില്‍ കേരള പൊലീസ് സംഘം എത്തി. അമീറുൽ ഇസ്‌ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് കേരള പൊലീസ് സംഘം അമീറുലിന്റെ ബർദ്വായിലെ വീട്ടിലെത്തിയത്. 
 
കൊച്ചി സിറ്റി പൊലീസിലെ എസ് ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെത്തിയത്. ജിഷ വധത്തിന് ശേഷം മുങ്ങിയ അമിറുലിന്റെ സുഹൃത്തായ അനാറുലിനേക്കൂടി കണ്ടെത്തുന്നതിനായാണ് പൊലീസ് അസമിലെത്തിയത്. പൊലീസ് സംഘം അനാറുലിന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും. 
 
അനാറുലിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടന്ന ദിവസം അനാറുലുമൊത്ത് മദ്യപിച്ചിരുന്നു എന്ന് പ്രതിയായ അമിറുല്‍ പെലീസ് മൊഴി നല്‍കിയിരുന്നു. ജിഷയുടെ കൊലപാതകത്തില്‍ അനാറുളിനും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
 
കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ ബർദ്വായിൽനിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്ന് പ്രതി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സംഘം അമീറുലിന്റെ മാതാവിന്റെ മൊഴിയെടുത്തു. തെരഞ്ഞെടുപ്പിനു മുമ്പായി പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് അമീറുൽ ഇസ്‌ലാമിന്റെ മാതാവ് വ്യക്തമാക്കി. 
 
കൊല നടത്തിയ വിവരം സുഹൃത്തുക്കളോടു പ്രതി വെളിപ്പെടുത്തിയിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അമീറുല്‍ മദ്യപിച്ചു ബഹളമുണ്ടാക്കുമായിരുന്നുവെന്നും അവസാന തവണ വന്നപ്പോഴും മാതാപിതാക്കളോടു ബഹളമുണ്ടാക്കിയതായും അയൽവാസി അറിയിച്ചിരുന്നു. ഈ അയൽവാസി ഉൾപ്പെടെയുള്ളവരെയും പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article