പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തില്‍ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ല. എന്നാല്‍ ഉയര്‍ന്ന അത്തരത്തില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് ജിഷയുടെ അമ്മയെ താന്‍ സന്ദര്‍ശിച്ചത്. ഒരു സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് യുവജന സംഘടനകള്‍ പ്രതിഷേധിച്ചപ്പൊള്‍ സ്ഥലം സന്ദര്‍ശിക്കാതെ മടങ്ങിയത്. അല്ലാതെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ ഭയന്ന് പിന്മാറിയതല്ല. കേസ് പൂര്‍ണ്ണ ഗൗരവത്തോടെയാണ് പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ഡി ജി പിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ഇത് ബാധിക്കില്ലെന്നും അന്വേഷണത്തില്‍ സമയമെടുക്കുന്നത് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനാണെന്നും ചെന്നിത്തല അറിയിച്ചു. അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ആവശ്യമെന്ന് തോന്നിയാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.