ജയില്‍ ഡിജിപിയെ നീക്കി, സെന്‍‌കുമാര്‍ പുതിയ ഡിജിപി

വെള്ളി, 6 ഡിസം‌ബര്‍ 2013 (21:36 IST)
PRO
ടി പി വധക്കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നിരിക്കാമെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ജയില്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിനെ തത്സ്ഥാനത്തുനിന്ന് നീക്കി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഒപ്പുവച്ചു. തന്‍റെ വിവാദപരാമര്‍ശങ്ങള്‍ പിന്‍‌വലിച്ചുകൊണ്ടും ഖേദം പ്രകടിപ്പിച്ചുകൊണ്ടും ആഭ്യന്തരമന്ത്രിക്ക് അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ വിശദീകരണം ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു. ഇന്‍റലിജന്‍സ് എ ഡി ജി പി സെന്‍കുമാറിന് ജയില്‍ വകുപ്പിന്‍റെ അധികച്ചുമതല നല്‍കി.

ടി പി വധക്കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നിരിക്കാമെന്ന രീതിയില്‍ നടത്തിയ പരാമര്‍ശം നാവിന് സംഭവിച്ച പിഴയാണെന്നും പരാമര്‍ശം പിന്‍‌വലിക്കുന്നു എന്നും ജയില്‍ ഡി ജി പി വിശദീകരണക്കത്തില്‍ പറഞ്ഞിരുന്നു. കേസിലെ പ്രതി പി മോഹനനെ ഭാര്യയും എം എല്‍ എയുമായ കെ കെ ലതിക കണ്ടതില്‍ തെറ്റില്ല എന്ന പരാമര്‍ശവും ഡി ജി പി പിന്‍‌വലിച്ചു.

എന്നാല്‍ ജയില്‍ ഡി ജി പിയുടെ വിശദീകരണത്തില്‍ തൃപ്തിവരാതെ അദ്ദേഹത്തിനെതിരെ നടപടിയിലേക്ക് ആഭ്യന്തരവകുപ്പ് എത്തുകയായിരുന്നു. ആഭ്യന്തരമന്ത്രിക്ക് നല്‍കിയ വിശദീകരണക്കുറിപ്പിലെ വാചകങ്ങള്‍ ഒരു ചാനല്‍ അഭിമുഖത്തിലും ഡി ജി പി പറഞ്ഞിരുന്നു.

ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. എനിക്ക് രാഷ്ട്രീയമില്ല. അമ്പത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നപ്പോല്‍ ചില പിഴവുകള്‍ വന്നുപോയതാണ്. വിവാദമായ രണ്ട് പരാമര്‍ശങ്ങളും ഞാന്‍ പിന്‍‌വലിക്കുന്നു. സരിതയുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് ‘ജയില്‍ വകുപ്പ് യു ഡി എഫ് പക്ഷത്ത്’ എന്ന് 60 ദിവസങ്ങളായി വിമര്‍ശനം ഉന്നയിച്ചവരാണ് ഒറ്റദിവസം കൊണ്ട് ജയില്‍ വകുപ്പിനെ എല്‍ ഡി എഫ് ആക്കിയത്. ജയില്‍ വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കേണ്ടവര്‍ മാറിനിന്നെന്നും ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു.

തനിക്ക് രാഷ്ട്രീയമില്ലെന്നും ജോലി വിടുന്നതുവരെ വോട്ട് ചെയ്യില്ലെന്നും ഡി ജി പി പറഞ്ഞു. ജോലിക്കയറ്റത്തിനും മറ്റ് കാര്യങ്ങള്‍ക്കും താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക