പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കവി കെ സച്ചിദാനന്ദന്‍. ഒരു വര്‍ഷത്തിനിടെ പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും സര്‍ക്കാര്‍ ചെയ്ത ചില അബദ്ധങ്ങളാണ് മുഴച്ചുനില്‍ക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനവും സര്‍ക്കാരിന്റെ ഇപ്പോളത്തെ പ്രവര്‍ത്തനവുമായി തട്ടിച്ചുനോക്കാന്‍ ഒരു വര്‍ഷംകൊണ്ട് സാധിക്കില്ല. എങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ തോത് കുറഞ്ഞു. പല വലിയ തെറ്റുകളും സര്‍ക്കാരില്‍ നിന്നുണ്ടായി. ഒപ്പം പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങള്‍ ചെയ്യാനും സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജനെയും എം എം മണിയെയും മന്ത്രിമാരാക്കിയതും ടിപി സെന്‍കുമാറിന്റെ വിഷയം കൈകാര്യം ചെയ്ത രീതിയും മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട വിഷയങ്ങളും പോലുള്ള ഭരണപരമായ അബദ്ധങ്ങള്‍ പലയിടത്തും മുഴച്ചുനില്‍ക്കുന്നുണ്ട്. വിലക്കയറ്റം തടയാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിരപ്പളളി പദ്ധതി പോലുള്ള പരിസ്ഥിതി വിഷയങ്ങളിലും അബദ്ധമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന വിഴിഞ്ഞം പദ്ധതിപോലുള്ളവയുമായി മുന്നോട്ട് പോകാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചതിലും പിടിപ്പുകേടുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല നേട്ടങ്ങളും എടുത്തുകാണിക്കാന്‍ ഈ സര്‍ക്കാരിന് കഴിയും. മലയാളം എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ്, സെക്രട്ടേറിയറ്റിലും വകുപ്പുകളിലും മലയാളഭാഷ ഉപയോഗിക്കണമെന്ന നിര്‍ദേശം എന്നിവ ശ്രദ്ധേയമാണ്. പല സര്‍ക്കാരുകളും മടിച്ചുനിന്ന ഒരു കാര്യമാണത്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു.പൊതുമരാമത്തിലും നല്ല പ്രവര്‍ത്തനം നടക്കുന്നു. സര്‍ക്കാര്‍ പരിഹരിച്ചെടുക്കേണ്ടതും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനെ വിമര്‍ശനാത്മകമായും ഒപ്പം അനുഭാവപൂര്‍വമായും വിലയിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.