ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: നാലു പ്രതികള്‍ കുറ്റക്കാര്‍
വ്യാഴം, 21 മാര്‍ച്ച് 2013 (17:40 IST)
PRO
PRO
സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക കവര്‍ച്ചയായ ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഞ്ചാം പ്രതി വയനാട് വൈത്തിരി പന്ത്രണ്ടാം പാലം പാലക്കല്‍ സൈനുദീന്‍ എന്ന സൈനു(40)വിനെ കോടതി വെറുതെവിട്ടു.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ് സതീഷ് ചന്ദ്രബാബുവാണ് കേസ് പരിഗണിച്ചത്. കുറ്റക്കാരായി കണ്ടെത്തിയ നാലു പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
കോട്ടുളിയില്‍ താമസിക്കുന്ന കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരക്കല്‍ ജോസഫ് എന്ന ജെയ്സണ്‍ എന്ന ബാബു (45), ചെലവൂരില്‍ താമസിക്കുന്ന തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ ഷിബു എന്ന രാകേഷ്(31), ചെലവൂരില്‍ താമസിക്കുന്ന കോഴിക്കോട് കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍ (50), ഭാര്യ വടകര പുറമേരി കോടഞ്ചേരി മാലോര്‍ കനകേശ്വരി(33), എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികള്‍.
ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ 2007 ഡിസംബര്‍ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. ബാങ്കിന്റെ താഴത്തെ നിലയില്‍ ഹോട്ടല്‍ തുടങ്ങാനെന്ന വ്യാജേന മുറി വാടകയ്ക്കെടുത്ത് മുകള്‍ഭാഗം തുരന്ന് സ്ട്രോങ് റൂമില്‍ കടന്നാണ് മോഷണം നടത്തിയത്.