ചില്ലറ വ്യാപാരം: കേരളം അനുകൂലമല്ലെന്ന് ടി എന്‍ പ്രതാപന്‍

വ്യാഴം, 28 ജൂണ്‍ 2012 (18:42 IST)
PRO
PRO
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന്‌ അനുകൂലമാണെന്ന്‌ അറിയിച്ച്‌ കേരളം കത്തയച്ചിട്ടില്ലെന്ന്‌ ടി എന്‍ പ്രതാപന്‍ എംഎല്‍എ. മുഖ്യമന്ത്രി തന്നെ ഇക്കാര്യം അറിയിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പരിച്ചിട്ടുണ്ടാകാമെന്നും പ്രതാപന്‍ പറഞ്ഞു.

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന്‌ അനുകൂലമെന്ന്‌ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങള്‍ രേഖാമൂലം അനുകൂല നിലപാട്‌ അറിയിച്ചിട്ടുണ്ടെന്നും ആനന്ദ്‌ ശര്‍മ വ്യക്തമാക്കിയിരുന്നു.

വിദേശ നിക്ഷേപത്തിന്‌ കേരളം സമ്മതമറിയിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍ പറഞ്ഞു‍. ഇതുസംബന്ധിച്ച്‌ യാഥാര്‍ഥ്യമെന്താണെന്ന്‌ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ചിത്രത്തിന് കടപ്പാട്: ടി എന്‍ പ്രതാപന്റെ ഫേസ്ബുക്ക് അക്കൌണ്ട്

വെബ്ദുനിയ വായിക്കുക