മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണനെ കോടതി മൂന്നുദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി സി ജെ എം കോടതിയാണ് രാധാകൃഷ്ണനെ സി ബി ഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.
വി എം രാധാകൃഷ്ണന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. വകുപ്പ് 306 അനുസരിച്ച് ആത്മഹത്യാ പ്രേരണയ്ക്കും 506-1 അനുസരിച്ച് ഭീഷണിപ്പെടുത്തലിനും രാധാകൃഷ്ണനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. തനിക്കെതിരായി വിജിലന്‍സില്‍ മൊഴി നല്‍കിയാല്‍ കുടുംബം തകര്‍ക്കുമെന്ന് ശശീന്ദ്രനെ രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാര്‍ സിമന്‍റ്സില്‍ നിന്ന് പുറത്താക്കാനായി ശശീന്ദ്രന് എട്ടുതവണ മെമ്മോ കൊടുത്തതിന് പിന്നില്‍ രാധാകൃഷ്ണനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ശശീന്ദ്രന്‍റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ സി ബി ഐക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എട്ടും പത്തും വയസുള്ള മക്കളെ ശശീന്ദ്രന് ഒറ്റയ്ക്ക് തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, നാലാമത് ഒരു കുരുക്കും മുറിക്കുള്ളില്‍ കണ്ടെത്തിയതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ശശീന്ദ്രന്‍റെ ശരീരത്തില്‍ കണ്ടെത്തിയ ഒമ്പത് മുറിവുകള്‍ക്കും ഉത്തരം കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ ഇതെല്ലാം സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായാണ് ചാക്ക് രാധാകൃഷ്ണനെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ശശീന്ദ്രന്‍റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് സഹോദരന്‍ സനല്‍കുമാര്‍ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞു. ശശീന്ദ്രന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നും സനല്‍കുമാര്‍ ആരോപിച്ചു.
മരിക്കുന്നതിന് മുമ്പ് ശശീന്ദ്രനെ രാധാകൃഷ്ണന്‍ 14 തവണ ഭീഷണിപ്പെടുത്തി. പത്തുതവണ രാധാകൃഷ്ണന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും നാലു തവണ ശശീന്ദ്രന്റെ വീട്ടിലെത്തിയുമാണ് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയത്. ജീവിതം നശിപ്പിക്കുമെന്ന് മരണത്തിന് 20 ദിവസം മുന്‍പ് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. ശശീന്ദ്രന്റെ ബന്ധുക്കളെയും ചാക്ക് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറഞ്ഞു.