ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനൊപ്പം ‘'ഗാനായനം' അരങ്ങേറും!

ബുധന്‍, 22 മെയ് 2013 (17:11 IST)
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 6-ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണംചെയ്യും. പട്ടികജാതി-പിന്നോക്കക്ഷേമ-ടൂറിസം വകുപ്പുമന്ത്രി എപി അനില്‍കുമാര്‍ അധ്യക്ഷനായിരിക്കും. മലയാള ശബ്ദസിനിമയുടെ 75 വര്‍ഷങ്ങള്‍ പദ്ധതി രൂപരേഖയുടെ പ്രകാശനം മുന്‍ സിനിമാവകുപ്പുമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കും. കെ മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് പുസ്തക പ്രകാശനം മേയര്‍ അഡ്വ. കെ ചന്ദ്രിക നിര്‍വ്വഹിക്കും.

ജൂറി ചെയര്‍മാന്‍ ഐവി ശശി, എസ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ആശംസ അര്‍പ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി കെ മനോജ്കുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് മലയാള ശബ്ദസിനിമ പിന്നിട്ട മുക്കാല്‍ നൂറ്റാണ്ടിലെ നാഴികക്കല്ലുകളായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചലച്ചിത്ര പിന്നണിഗായകര്‍ അവതരിപ്പിക്കുന്ന 'ഗാനായനം' പരിപാടി നടക്കും.

വെബ്ദുനിയ വായിക്കുക