ചന്ദ്രശേഖരന്‍ വധം: ഗൂഢാലോചന നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍?
തിങ്കള്‍, 7 മെയ് 2012 (13:00 IST)
PRO
PRO
ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെന്ന് സൂചന. ജയിലിലെ രാഷ്ട്രീയതടവുകാരില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ജയിലില്‍ നിന്ന് പരോളിലിറങ്ങിയ സുര എന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ വെച്ചാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ഫോണ്‍കോളുകള്‍ പോയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. ഇക്കാര്യം സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. കൊല നടക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളില്‍ ജയിലിലേക്ക് എത്തിയ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കണ്ണൂന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 11 പേരാണ് ഒരു മാസത്തിനുള്ളില്‍ പരോളില്‍ ഇറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ക്ക് വ്യക്തമായ രാഷ്ട്രീയബന്ധമുണ്ട്.
ഇവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിജിപി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുള്‍പ്പെട്ട കേസുകളുടെ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂരിനു പുറമേ, കാസര്‍കോഡ്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ജയിലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.