കെആര്‍ ഗൗരിയമ്മയോട് ആദരവാണുള്ളതെന്നും അവര്‍ യുഡിഎഫ് വിടുമെന്ന് കരുതുന്നില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. അതേസമയം ഗൗരിയമ്മ മുന്നണിവിട്ടാല്‍ പത്ത് നൂറ്റന്‍പത് സീറ്റെങ്കിലും നഷ്ടപ്പെടുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവണ്മെന്‍റ് ചീഫ് വിപ്പുമായ പിസി ജോര്‍ജ് പരിഹസിച്ചു.
മുന്നണിവിടുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചിട്ടില്ലെന്നും ജെഎസ്എസ് മുന്നണിയുടെ പ്രധാന ഘടകകക്ഷിയാണെന്നുമായിരുന്നു കെഎം മാണി പ്രതികരിച്ചത്.
എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ മുന്നണി വിടുമെന്ന് ഗൗരിയമ്മ പറയുന്നുണ്ടെന്ന് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. കെകെ ഷാജു നല്ല എംഎല്‍എയായിരുന്നു. അദ്ദേഹം വിട്ടുപോകുന്നത് സങ്കടകരമാണ്. ജെഎസ്എസ്സിന് ശക്തിയുള്ളതായി അനുഭവപ്പെട്ടിട്ടില്ല. 95 വയസ്സുള്ള വല്ല്യമ്മയായ ഗൗരിയമ്മയോട് ആദരവുണ്ട്. കെ.കെ.ഷാജു കേരള കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും.
സോഷ്യലിസ്റ്റ് ജനത പ്രസിഡന്‍റ് എം പി വീരേന്ദ്രകുമാര്‍ സ്വന്തം കണ്ണിലെ ഉലക്ക എടുത്തിട്ടുവേണം അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന് പറയാന്‍ എന്‍എസ്എസ്സിന് അവകാശമുണ്ട്. എന്നാല്‍, യുഡിഎഫ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു.