ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ നീക്കം

ചൊവ്വ, 23 നവം‌ബര്‍ 2010 (19:41 IST)
കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ഗൗരിയമ്മയുമായി ചര്‍ച്ച നടത്താന്‍ യു ഡി എഫ്‌ യോഗത്തില്‍ ധാരണയായി. കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേര്‍ന്ന യു ഡി എഫ്‌ ഉന്നതാധികാര സമിതി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച്‌ ധാരണയായത്‌.

ഗൗരിയമ്മയെ അനുനയിപ്പിച്ച്‌ കൊണ്ടു പോകണമെന്ന അഭിപ്രായമാണ്‌ ഭൂരിപക്ഷം ഘടക കക്ഷികളും പ്രകടിപ്പിച്ചത്‌. ഗൌരിയമ്മയുമായി ചര്‍ച്ച നടത്താന്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെയാണ് ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ നാലര വര്‍ഷമായി യു ഡി എഫ്‌ അനുകൂല നിലപാടല്ല ഗൗരിയമ്മ സ്വീകരിച്ചതെന്ന്‌ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഘടകകക്ഷികളെ പിണക്കാന്‍ യു ഡി എഫ് തയ്യാറാവില്ല.

തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുളള സീറ്റ്‌ വിഭജനവുമായി ബന്ധപ്പെട്ടാണ്‌ ജെ എസ് എസ്‌ കോണ്‍ഗ്രസുമായി അകന്നത്‌. ഇതിനിടെ പഴയ ഇടത്‌ നേതാക്കള്‍ ഗൗരിയമ്മയുമായി സൗഹൃദം പുതുക്കുകയും ചെയ്‌തതോടെ കോണ്‍ഗ്രസുമായുളള അകല്‍ച്ച പൂര്‍ണ്ണമായി.

വെബ്ദുനിയ വായിക്കുക