ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിദേശങ്ങളില്‍ നിന്ന് തൊഴില്‍ നഷ്‌ടപ്പെട്ട് വരുന്ന മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികളുടെ പുനരധിവാസം കേന്ദ്രം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റുകള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത, കേരളത്തില്‍ നിന്നുള്ള എം പിമാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാണ്യവിളകളുടെ വില ഇടിവ് തടയാന്‍ പ്രത്യേക സാമ്പത്തിക പാക്കേജും, പാലക്കാട്ടെ കഞ്ചിക്കോട് അനുവദിച്ച കോച്ച് ഫാക്ടറിയ്‌ക്കുള്ള സഹായവും ഉടന്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും വി എസ് പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവശ്യപ്പെടാനായി സമ്മര്‍ദ്ധം ചെലുത്താനും മുഖ്യമന്ത്രി എം പി മാരോട് ആവശ്യപ്പെട്ടു.
തീരദേശ പോലീസിനെ ശക്തിപ്പെടുത്തുന്നതിന് അത്യാധുനിക ആയുധങ്ങള്‍ അടക്കമുളളവ കേന്ദ്രത്തോട് ആവശ്യപ്പെടാനും എം പിമാരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന്‍റെ ഭാഗമായി കേരളത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.