ഗണേഷ് ഇനി വിനീതവിധേയന്‍, പ്രശ്നം തീര്‍ന്നു!

ബുധന്‍, 18 ഏപ്രില്‍ 2012 (20:00 IST)
PRO
കേരളാ കോണ്‍ഗ്രസ് ബിയില്‍ വെടിനിര്‍ത്തല്‍. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി കെ ബി ഗണേഷ്കുമാറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അറിയിച്ചു.

പ്രശ്നപരിഹാര ഫോര്‍മുലയനുസരിച്ച് ഗണേഷിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ മാറ്റം വരുത്തും. ഗണേഷുമായി അടുപ്പമുണ്ടായിരുന്നവരുടെ സസ്പെന്‍ഷന്‍ പിന്‍‌വലിക്കും.

പിള്ളയുമായും ഗണേഷുമായും യു ഡി എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് പിള്ള പ്രതികരിച്ചു. ചര്‍ച്ചയുടെ ഫലപ്രാപ്തി രണ്ട് ദിവസത്തിനകം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

യു ഡി എഫില്‍ ഒരു പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയുമായി തനിക്ക് പ്രശ്നമുണ്ടെന്ന് ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയുമായി ഒരു പിണക്കവുമില്ല. സാംസ്കാരിക സ്ഥാപനങ്ങളില്‍ അധ്യക്ഷന്‍‌മാരെ നിയമിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നും അക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസുമായി ആലോചിച്ചിട്ടുണ്ടെന്നും ഗണേഷ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക