ഗണേശ്കുമാര്‍ പ്രശ്നം: എന്‍എസ്എസ് ഇടപെടുന്നു

വെള്ളി, 30 മാര്‍ച്ച് 2012 (09:54 IST)
PRO
PRO
ആര്‍ ബാലകൃഷ്‌ണപിള്ളയും മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ യുഡിഎഫ് എന്‍എസ്എസിന്റെ സഹായം തേടി. പ്രശ്നം പരിഹരിക്കാന്‍ എന്‍ എസ് എസ് മധ്യസ്ഥത വഹിക്കണം എന്നാണ് യു ഡി എഫിന്റെ ആവശ്യം. പിള്ള- ഗണേശ് പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച കോട്ടയത്തെത്തിയ ഗണേശ്കുമാര്‍ പെരുന്നയിലെ എന്‍എസ്‌എസ്‌ ആസ്‌ഥാനത്തെത്തി സുകുമാരന്‍ നായരുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പിള്ളയുമായും എന്‍ എസ് എസ് ചര്‍ച്ചകള്‍ നടത്തും. പ്രശ്നം രമ്യമാ‍യി പരിഹരിച്ച് ഗണേശ്കുമാര്‍ മന്ത്രി സ്ഥാനത്ത് തന്നെ തുടരണം എന്ന നിലപാടാണ് എന്‍ എസ് എസ്സിനുള്ളത് എന്നാണ് സൂചന.

കേരളാ കോണ്‍ഗ്രസ് (ബി) ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍വലിച്ചു എന്ന് പിള്ള ബുധനാഴ്ച നടന്ന യു ഡി എഫ് യോഗത്ത് അറിയിച്ചിരുന്നു. പക്ഷേ, മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും രാജിവയ്ക്കണമെന്ന ആവശ്യത്തിനു പത്തനാപുരത്തെയും കേരളത്തിലെയും ജനങ്ങള്‍ മറുപടി പറയുമെന്നും ഗണേശ്കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തു.

ഗണേശ്കുമാറിനെ സങ്കുചിത രാഷ്ട്രീയതാത്പര്യങ്ങളുടെ ബലിയാടാക്കരുതെന്നു അദ്ദേഹം രാജിവയ്ക്കേണ്ട കാര്യമില്ലെന്നുമുള്ള അഭിപ്രായങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക