കോഴി പെറ്റെന്ന് കേട്ട് കയറെടുത്ത നാട്ടുകാര്‍!

ബുധന്‍, 18 ഏപ്രില്‍ 2012 (11:40 IST)
PRO
PRO
‘കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്നവര്‍’ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. ഇന്നലെ അത് തൊടുപുഴയ്ക്കടുത്ത ഒരു ഗ്രാമത്തില്‍ അരങ്ങേറി. ചെറിയൊരു വ്യത്യാസമുണ്ട്. തൊടുപുഴയ്ക്കടുത്ത്‌ കുമ്മങ്കല്ലില്‍ കാള പെറ്റതിനല്ല നാട്ടുകാര്‍ കയറെടുത്തത്. പകരം, ഒരു കോഴി പ്രസവിച്ചതിനാണ്. ചൊവ്വാഴ്ചയാണ് ഏറെ കൌതുകകരമായ ഈ സംഭവം അരങ്ങേറിയത്. വാര്‍ത്ത കേട്ടവരെല്ലാം കുമ്മങ്കല്ലിലേക്ക് ഓടിയെത്തി ഇളിഭ്യരായി മടങ്ങി.

കുമ്മങ്കല്ല് ചീനത്തൊട്ടിയില്‍ കെകെ ബഷീറിന്റെ പുരയിടത്തിലാണ് കോഴി ‘പ്രസവിച്ചത്’. ബഷീറിന്റെ കൊച്ചുമകള്‍ ആറുവയസുകാരി ഷബീന പറഞ്ഞ ഇക്കഥ വിശ്വസിച്ച് നാട്ടുകാര്‍ ഒന്നടങ്കം ഓടിക്കൂടുകയായിരുന്നു. ഓടിക്കൂടിയവരാകട്ടെ, തള്ളക്കോഴിക്കരുകില്‍ കോഴിക്കുഞ്ഞ് നില്‍‌ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. അടുത്തെങ്ങും മുട്ടത്തോട് ഇല്ല. മുട്ടവിരിഞ്ഞ് അപ്പോള്‍ തന്നെ പുറത്തുവന്ന രീതിയില്‍ തൂവല്‍ ഇല്ലാതെയും കണ്ണ് തുറക്കാതെയും ഉള്ള അവസ്ഥയിലായിരുന്നു. ചാകാറായ നിലയിലുമായിരുന്നു. കോഴി പ്രസവിച്ചാല്‍ പിന്നെ കുഞ്ഞ് ചാകാതിരിക്കുമോ എന്ന് ചിലര്‍ ഡയലോഗും തട്ടിവിട്ടു. എന്തിനേറെ, ചാനലുകാരും സ്ഥലത്തെത്തി ‘തത്സമയം’ ആരംഭിച്ചു.

സത്യത്തില്‍ സംഭവിച്ചത് എന്താണെന്നോ? എവിടെ നിന്നോ ഒരു കോഴിക്കുഞ്ഞിനെയും റാഞ്ചിക്കൊണ്ടു പറന്ന കാക്കയുടെയോ പരുന്തിന്റെയോ കാലില്‍നിന്ന്‌ കോഴിക്കുഞ്ഞു താഴെപ്പോയി. ചാകാറായി വീണുകിടന്ന കോഴിക്കുഞ്ഞിന്റെ അരികില്‍ ഒരു തള്ളക്കോഴി എത്തിയതോടെ ‘കോഴി പെറ്റ’ കഥ നാട്ടില്‍ പാട്ടാവുകയായിരുന്നു.

നടന്ന കഥ നാട്ടില്‍ പരന്നതോടെ കാര്യമറിയാതെ ‘തത്സമയം’ നടത്തി ‘ലോകാത്ഭുതം’ സ്കൂപ്പാക്കിയ ചാനലുകാരും വാര്‍ത്ത പ്രചരിപ്പിച്ച നാട്ടുകാരും മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണെന്ന് പറഞ്ഞാല്‍ മതിയല്ലോ!

വെബ്ദുനിയ വായിക്കുക