സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച തീഗോളം കണ്ടതിനു പിന്നാലെ കോഴിക്കോട് വീണ്ടും തീഗോളം പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് വെളളിപ്പറമ്പിലാണ് തീഗോളം കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞത്‍. തിങ്കളാഴ്ച രാവിലെ ആറുമണിയോടു കൂടി കനത്ത മഴക്കൊപ്പമായിരുന്നു തീഗോളത്തിന്സമാനമായ പ്രകാശം കണ്ടത്. വലിയ ശബ്‌ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംസ്ഥാനത്തെ വിവിധ മേഖലകളെ ഭീതിയിലാഴ്‌ത്തി അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ആകാശത്ത് അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടത്.
അതേസമയം, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് സമീപമുള്ള കരുമാല്ലൂരില്‍ അഗ്‌നിഗോളം പതിച്ച നാലുസെന്റ് പുരയിടം കത്തിക്കരിഞ്ഞിരുന്നു. കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു കത്തിക്കരിഞ്ഞത്.
കരുമാല്ലൂരില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തെ ആളുകള്‍ തീഗോളം വരുന്നത് കണ്ടിരുന്നു. തീഗോളം കണ്ടതിന് പിന്നാലെ പറമ്പ് കത്തുന്നതാണ് അവര്‍ കണ്ടത്. വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഉല്‍ക്കാപതനം പോലുള്ള എന്തെങ്കിലും കൊണ്ടാണ് തീപിടുത്തം ഉണ്ടായതെന്ന് ആരും അറിഞ്ഞിരുന്നില്ല.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിഞ്ഞു പോയ തീഗോളം വളരെ താഴ്ന്നായിരുന്നു പറന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉല്‍ക്കാ പതനമാണ് ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.