ഇത്തവണ സീറ്റ് നല്‍കരുത് എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അഭ്യര്‍ത്ഥിച്ച അഞ്ചുപേര്‍ ഇവരാണ് - ഡൊമിനിക് പ്രസന്‍റേഷന്‍, അടൂര്‍ പ്രകാശ്, കെ ബാബു, കെ സി ജോസഫ്, എ ടി ജോര്‍ജ്ജ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഈ അഞ്ചുപേരില്‍ മൂന്നുപേരും പരാജയപ്പെട്ടിരിക്കുന്നു.
വി എം സുധീരന്‍റെ നിലപാടുകളുടെ വിജയമായി ഇതിനെ വിലയിരുത്താം. അഞ്ചുപേരില്‍ ജയിക്കാനായത് കോന്നിയില്‍ മത്സരിച്ച അടൂര്‍ പ്രകാശിനും ഇരിക്കൂറില്‍ മത്സരിച്ച കെ സി ജോസഫിനുമാണ്. അടൂര്‍ പ്രകാശിന് 20748 വോട്ടിന്‍റെ ഭൂരിപക്ഷവും കെ സി ജോസഫിന് 9647 വോട്ടിന്‍റെ ഭൂരിപക്ഷവുമാണ് ലഭിച്ചത്.
കൊച്ചിയില്‍ ഡൊമിനിക് പ്രസന്‍റേഷനും തൃപ്പൂണിത്തുറയില്‍ കെ ബാബുവും പാറശ്ശാലയില്‍ എ ടി ജോര്‍ജ്ജും പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ചു. ഡൊമിനിക് പ്രസന്‍റേഷന്‍ 1086 വോട്ടിനാണ് എല്‍ ഡി എഫിലെ കെ ജെ മാക്സിയോട് പരാജയപ്പെട്ടത്. പാറശ്ശാലയില്‍ സി കെ ഹരീന്ദ്രനോട് 18566 വോട്ടിനാണ് എ ടി ജോര്‍ജ്ജ് പരാജയപ്പെട്ടത്.
തൃപ്പൂണിത്തുറയിലാണ് ഏറ്റവും വലിയ അട്ടിമറി നടന്നത്. ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം നഷ്ടമാകുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത കെ ബാബുവിനെ 4467വോട്ടിന് എം സ്വാരാജ് മലര്‍ത്തിയടിച്ചു. ബാബുവിനെയും കോണ്‍ഗ്രസിനെയും എന്തിന്, ഇടതുമുന്നണിയെ പോലും അമ്പരപ്പിക്കുന്ന വിജയമാണ് സ്വരാജ് സ്വന്തമാക്കിയത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിനിടയിലും തന്‍റെ നിലപാടുകള്‍ ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ വി എം സുധീരന് തലയുയര്‍ത്തി നില്‍ക്കാം.