കോണ്‍ഗ്രസിനെതിരെ ലീഗ്; ഉപമുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമായില്ല

വ്യാഴം, 30 മെയ് 2013 (14:20 IST)
PRO
PRO
ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയായിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിയ്ക്കുകയും ചെയ്തു. ഘടക കക്ഷികളോട് ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

അതേസമയം യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഉപമുഖ്യമന്ത്രി എന്നൊരു പദവി സൃഷ്ടിക്കുകയാണെങ്കില്‍ അതിന് അര്‍ഹത ലീഗിന് തന്നെയാണെന്ന് അവര്‍ വാദിച്ചു. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നിലപാട് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വിശദീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ എം ‌പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിക്കാര്യം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്ന് പി പി തങ്കച്ചന്‍ യോഗശേഷം പ്രതികരിച്ചു. കെ ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും തങ്കച്ചന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക