കൊലക്കേസ് പ്രതികളെ വിലങ്ങ് വെച്ചത് വിവാദമായി; പൊലീസുകാർക്കെതിരെ നടപടി

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (10:16 IST)
കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ വിലങ്ങണിയിച്ച് കോടതിയേക്ക് കൊണ്ടുപോയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത് വിവാദമാകുന്നു. എറണാകുളം സബ്ജയിലില്‍നിന്നും സിബിഐ കോടതിയിലേക്കു പ്രതികളെ വിലങ്ങ് വെച്ചാണ് കൊണ്ടുപോയത്. സംഭവത്തിൽ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ 16 പൊലീസുകാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 
 
പ്രതികളെ കൊണ്ടുപോയ പോലീസുകാരോട് എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. 15 പൊലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്‌ഐക്കുമെതിരെയാണു നടപടി.
പ്രതികളെ കയ്യാമംവെച്ചായിരുന്നു കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണയ്ക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത്. പ്രതികളെ തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ കയ്യാമം വയ്ക്കരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 
 
കയ്യാമം വെച്ചതിനെതിരെ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിനു പ്രതികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ക്ക് അകമ്പടി പോയ പൊലീസുകാരോട് വിശദീകരണം തേടിയത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
Next Article