കൈവെട്ട് കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍; 18 പേരെ വെറുതെ വിട്ടു

വ്യാഴം, 30 ഏപ്രില്‍ 2015 (11:26 IST)
വിവാദമായ കൈവെട്ട് കേസില്‍ കൊച്ചി എന്‍ ഐ എ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 18 പ്രതികളെ വെറുതെ വിട്ടു. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലാണ് കൊച്ചി എന്‍ ഐ എ കോടതി വിധി പ്രസ്താവിച്ചത്.  കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു. ശിക്ഷ അടുത്തമാസം അഞ്ചിന് പ്രഖ്യാപിക്കും.
 
ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,  റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും എതിരെ യു എ പി എ നേരത്തെ ചുമത്തിയിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനത്തില്‍ മൂന്നുപേരെ യു എ പി എ ചുമത്തിയതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തുപേര്‍ക്കെതിരെ യു എ പി എ ചുമത്തി.
 
അതേസമയം, കേസിലെ ഒന്നാം പ്രതി സവാദ്, സവാദിന് ഒപ്പമുണ്ടായിരുന്ന സജില്‍ എന്നിവര്‍ ഒളിവിലാണ്. 
കൈവെട്ട് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍, ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റ് അഞ്ചുപേര്‍, ഇവര്‍ക്ക് സഹായം നല്കിയ മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരെയാണ് കോടതി കുറ്റക്കാരായി വിധിച്ചിരിക്കുന്നത്. 
 
കേസില്‍ നേരത്തെ 54 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, എന്‍ ഐ എ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ അത് 37 ആയി ചുരുങ്ങിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്ക് എതിരെയും യു എ പി എ ചുമത്തിയ കോടതി മൂന്നു പ്രതികളെ യു എ പി എയില്‍ നിന്ന് ഒഴിവാക്കിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്.
 
വിധിപ്രഖ്യാപനത്തില്‍ വെറുതെ വിട്ടവരില്‍ പലരും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ജാമ്യം നിഷേധിക്കപ്പെട്ടവരും ആണ്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക