ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വ്യക്തമാക്കി. ഹൈക്കോടതിയെയാണ് എന്‍ ഐ എ ഇക്കാര്യം അറിയിച്ചത്.
കൈവെട്ട് കേസ് എന്‍ ഐ എയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് എന്‍ ഐ എ നിലപാട് വ്യക്തമാക്കിയത്. എന്‍ ഐ എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വകുപ്പുകളനുസരിച്ചല്ല കൈവെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൈവെട്ട് കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സംസ്ഥാന പൊലീസ് ചുമത്തിയിരിക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് എന്‍ ഐ എ വ്യക്തമാക്കിയത്.
പ്രത്യേക നിയമം അനുസരിച്ച് രൂപീകൃതമായ എന്‍ ഐ എ തീവ്രവാദ സ്വഭാവമുള്ള കേസുകളാണ് ഏറ്റെടുക്കുകയെന്നും എന്‍ ഐ എയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയാല്‍ കേസ് ഏറ്റെടുക്കുന്നത് പരിഗണിക്കാമെന്നും എന്‍ ഐ എ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അടുത്തയാഴ്ച വിശദവാദം ഹൈക്കോടതി കേള്‍ക്കും.