കൈക്കൂലി വാങ്ങിയ തഹസീല്‍ദാര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 7 ഫെബ്രുവരി 2014 (16:32 IST)
PRO
PRO
നികുതി ഇളവു ലഭിക്കുന്നതിനായി വീട്ടുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തഹസില്‍ദാര്‍ അറസ്റ്റിലായി. വീടിന്റെ ആഡംബര നകുതി ഒഴിവാക്കുന്നതിന്‌ പാറപ്പുഴ പാറേക്കാട്ടില്‍ ഫ്രാന്‍സിസ്‌ സ്കറിയയില്‍ നിന്ന്‌ 10,000രൂപ കൈക്കൂലി വാങ്ങിയ കേസിലാണ്‌ തൊടുപുഴ തഹസില്‍ദാര്‍ ജോയി കുര്യക്കോസിനെ വിജിലന്‍സ്‌ അറസ്റ്റ്‌ ചെയ്തത്‌.

രണ്ടാഴ്ച മുമ്പാണ്‌ ഫ്രാന്‍സിസ്‌ സ്കറിയ വീട്‌ പണി പൂര്‍ത്തീകരിച്ചത്‌. 2700 സ്ക്വയര്‍ അടിയാണ്‌ വിസ്തൃതി. വീടിന്റെ ടാക്സ്‌ നിര്‍ണയിച്ചുകിട്ടുന്നതിന്‌ വില്ലേജില്‍ അപേക്ഷ നല്‍കി. ആദ്യം ഉദ്യോഗസ്ഥര്‍ അളന്നപ്പോള്‍ വീടിന്‌ 2900 സ്ക്വയര്‍ അടി വിസ്തീര്‍ണമുള്ളതായി കണ്ടു. ഇത്‌ ശരിയല്ലെന്നുകാണിച്ച്‌ ഫ്രാന്‍സിസ്‌ സ്കറിയ തഹസില്‍ദാര്‍ക്ക്‌ പരാതി നല്‍കി.

ഇതേത്തുടര്‍ന്ന്‌ തഹസില്‍ദാര്‍ എത്തി വാട്ടര്‍ ടാങ്ക്‌, തൊഴുത്ത്‌ എന്നിവ ചേര്‍ത്ത്‌ അളന്നു. അതോടെ വിസ്തീര്‍ണം 3029 സക്വയര്‍ അടിയയായി. വിസ്തൃതി കുറച്ച്‌ രേഖപ്പെടുത്തി ടാക്സ്‌ ഒഴിവാക്കുന്നതിന്‌ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

വ്യാഴാഴ്ച പകല്‍ പന്ത്രണ്ടോടെ തുക കൈപ്പറ്റുന്നതിനിടെയാണ്‌ അറസ്റ്റ്‌. താലൂക്ക്‌ ഓഫീസിലെതന്നെ ഒരു വനിതാ ഡെപ്യൂട്ടി തഹസില്‍ദാരാണ്‌ ഇടനിലക്കാരിയായി നിന്നതെന്ന്‌ ഫ്രാന്‍സിസ്‌ സ്കറിയ പറഞ്ഞു. വീട്‌ അളന്ന സമയത്ത്‌ തഹസില്‍ദാര്‍ 2,000രൂപ വാങ്ങിയിരുന്നു. വീണ്ടും 12,000രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും 10,000 രൂപയ്ക്ക്‌ സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിച്ചത്‌. അവര്‍ നല്‍കിയ തുക കൈപ്പറ്റുമ്പോഴാണ്‌ തഹസില്‍ദാര്‍ പിടിയിലായത്‌. വിജിലന്‍സ്‌ ഡിവൈഎസ്പി രതീഷ്‌ കൃഷ്ണന്‍, സിഐമാരായ ജില്‍സണ്‍ മാത്യു, മോഹന്‍ദാസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തഹസില്‍ദാരെ പിടികൂടിയത്.