കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപ് രണ്ടാംപ്രതിയെന്ന് പൊലീസ്. പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായി തുടരും. അതേസമയം, കേസിന്റെ തുടക്കം മുതല്‍ കേട്ട് തുടങ്ങിയ ‘മാഡ’ത്തിനായി ഇനി അന്വേഷണം വേണ്ടെന്ന് പൊലീസ് നിര്‍ദേശം ലഭിച്ചു.
‘മാഡ’ത്തിനായി വെറുതെ സമയം കളയണ്ട. അന്വേഷിച്ച് സമയം നഷ്ടപ്പെടുത്തെണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതിനു മുന്നേ, ദിലീപിന്റെ പേര് വലിച്ചിഴക്കുന്നതിന് മുന്നേ ഉയര്‍ന്ന് കേട്ടതാണ് ‘മാഡം’. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ‘മാഡ’ത്തെ കുറിച്ച് പറയുന്നു.
എന്നാല്‍, ഇത് സുനിയുടെ വെറും ഭാവനയാണെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ഇതിനെ എതിര്‍ത്തു കൊണ്ട് കഴിഞ്ഞ ദിവസം സുനി തന്നെ രംഗത്തെത്തിയിരുന്നു. ‘മാഡം’ ഭാവനയല്ലെന്നും അങ്ങനെയൊരാള്‍ ഉണ്ടെന്നും അത് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും സുനി വ്യക്തമാക്കി. ഇത് പൊലീസിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്കിയ രണ്ട് അഭിഭാഷകരില്‍ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാമെന്നും സൂചനകള്‍ ഉണ്ട്. ജിഷ വധക്കേസിൽ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്.