കേരളത്തില്‍ ഭരണം നടക്കുന്നത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമെന്ന് കോടിയേരി

ബുധന്‍, 22 ഏപ്രില്‍ 2015 (10:02 IST)
സംസ്ഥാനത്ത് ഭരണം നടക്കുന്നത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണെന്ന് പ്രതിപക്ഷ ഉപനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരും പാവപ്പെട്ടവരും മുഖ്യമന്ത്രിയെ ഒരു നോക്കു കാണാന്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണെന്നും സമ്പന്നര്‍ക്ക് കോട്ടും സ്യൂട്ടുമിട്ട് ചെന്നാല്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാമെന്നും കോടിയേരി പറഞ്ഞു.
 
ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നിയമസഭ സെക്രട്ടേറിയറ്റ് ഉപരോധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാനത്തെ മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണ്. കോഴ ഇടപാടു നടത്തുന്നത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ്. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ ഭരിക്കുന്നതെന്നും ചോദിച്ച കോടിയേരി മാണി രാജി വെക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.

അബ്‌ദുറബ് തന്നെയാണ് അടുത്തവര്‍ഷവും വിദ്യാഭ്യാസമന്ത്രിയെങ്കില്‍ പരീക്ഷ നടത്തുന്നതിനു മുമ്പു തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക