കേരളത്തിന് പുതുവര്‍ഷ സമ്മാനം - ആന്‍റണി

തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (17:09 IST)
KBJWD
കെല്‍ടെക് ഏറ്റെടുക്കല്‍ കേരളത്തിനുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു. സ്ഥാപനത്തെ പ്രതിരോധ വകുപ്പിന്‍റെ ഏറ്റവും മികച്ച കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്‍റണി. സ്വാത്രന്ത്ര്യത്തിന് ശേഷം കേന്ദ്ര പ്രതിരോധ വകുപ്പ് ഏറ്റെടുക്കുന്ന ആദ്യത്തെ കേന്ദ്രമാണ് കെല്‍ടെക്കെന്നും അദ്ദേഹം പറഞ്ഞു. സംഹാര ശേഷിയിലും കൃത്യതയിലും ലോകത്തെ തന്നെ ഏറ്റവും മികച്ചതാണ് ബ്രഹ്മോസ് മിസെയില്‍.

ഇന്ത്യന്‍ പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് കെല്‍ടെക്കിന്‍റെ കൈമാറ്റം. ശബ്ദത്തേക്കാള്‍ വേഗതയില്‍ പായുന്ന ബ്രഹ്മോസ് മിസെയിലിന്‍റെ നിര്‍മ്മാണ കേന്ദ്രമായി മാറുകയാണ് കെല്‍ടെക്. ഐ.എസ്.ആര്‍.ഒയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ നിര്‍മ്മിക്കാനായാണ് കെല്‍ടെക് പ്രവര്‍ത്തനം ആരംഭിച്ചത്.

എന്നാല്‍ സാങ്കേതിക വിദ്യയ്ക്കൊപ്പം വളരാന്‍ കഴിയാതെ കെല്‍ടെക്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാ‍ര്‍ ഏറ്റെടുക്കുമ്പോള്‍ കമ്പനിയിലെ 250 ഓളം ജീവനക്കാര്‍ക്കൊപ്പം കേരളത്തിന്‍റെ വികസന സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാവുകയാണ്.

പല ലോകരഷ്ട്രങ്ങളും ബ്രഹ്മോസിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. കെല്‍ടെക്കിലെ ജീവനക്കാര്‍ക്കുള്ള പരിശീലനം ഹൈദ്രാബാദില്‍ ആരംഭിക്കും. കൈമാറ്റം കഴിയുന്നതോടെ ചൊവ്വാഴ്ച മുതല്‍ പുതിയ മാനേജ്‌മെന്‍റിന്‍റെ കീഴിലായിരിക്കും കെല്‍ടെക് പ്രവര്‍ത്തിക്കുക.

വെബ്ദുനിയ വായിക്കുക