കേന്ദ്രസംഘം‌: ഫാക്സ് അയച്ചു

വെള്ളി, 28 മാര്‍ച്ച് 2008 (17:05 IST)
വേനല്‍ മഴക്കെടുതി വിലയിരുത്താന്‍ന്‍ നിയോഗിക്കപ്പെട്ട കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനം വൈകുന്നതില്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ ആശങ്ക രേഖപ്പെടുത്തി.

കേന്ദ്ര സംഘത്തെ ഉടന്‍ അയയ്ക്കണമെന്ന് കാണിച്ച് ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീലിന്‌ റവന്യൂ മന്ത്രി ഫാക്സ് അയച്ചു. കേന്ദ്ര സംഘത്തെ ഈയാഴ്ച അയയ്ക്കുമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കിയിരുന്നുവെങ്കിലും അവരുടെ സന്ദര്‍ശനം അടുത്തയാഴ്ച ആദ്യത്തോടെ മാത്രമേ ഉണ്ടാവൂ എന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന.

വേനല്‍ മഴ അവസാനിച്ചിട്ട്‌ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ സന്ദര്‍ശനം വൈകിയാല്‍ ഉണ്ടായ കനത്ത നാശ നഷ്ടം സംഘത്തിനെ ബോദ്ധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയാതെ പോകും. ഈ വിവരം ശിവരാജ്‌ പാട്ടീലിന്‌ അയച്ച ഫാക്സ്‌ സന്ദേശത്തില്‍ റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടി.

അതിനാല്‍ കേന്ദ്ര സംഘത്തിനെ ഉടന്‍ അയക്കണമെന്നും അടിയന്തിര ധന സഹായമായി 150 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയോട്‌ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക